പമ്പാവാലിയിലെ ക്ഷീരകർഷർക്ക് ഇനി പേടിക്കേണ്ട ; ഡോക്ടർമാർ സമരത്തിലായാലും നാട്ടുവൈദ്യൻ വിളിപ്പാടകലെ

എരുമേലി ∙ വെറ്ററിനറി ഡോക്ടർമാർ സമരത്തിലാണെങ്കിലും പമ്പാവാലിയിലെ ക്ഷീരകർഷർക്ക് ഇനി പേടിക്കേണ്ട. ഏതുസമയത്തും സഹായമെത്തിക്കാൻ നാട്ടുവൈദ്യൻ റെഡി. 85472 55800 എന്ന നമ്പറിൽ വിളിച്ചാൽ വൈദ്യൻ ഉടനെത്തും. സമരം ഒരാഴ്ച പിന്നിട്ടതോടെ പ്രതിസന്ധിയിലായ കർഷകർ തന്നെയാണ് ‘കസ്റ്റമർ കെയർ നമ്പർ’ സജ്ജമാക്കിയത്. കന്നുകാലികൾക്ക് അടിയന്തര ചികിൽസ ലക്ഷ്യമിട്ടാണു നാട്ടുവൈദ്യം ലഭിക്കാൻ സഹായ ലൈൻ നമ്പർ നൽകിയത്.

പ്രതിസന്ധി രൂക്ഷമായതോടെ പമ്പാവാലിയിൽ ചേർന്ന ക്ഷീരകർഷകരുടെ യോഗം എട്ടിന് നടക്കുന്ന കലക്ടറേറ്റ് ധർണയിൽ പരമാവധി ക്ഷീരകർഷകരെ പങ്കെടുപ്പിക്കുമെന്ന് കൺവീനർമാരായ തോമസ് പ്ലാവനാക്കുഴി, സിബി കരിനാട്ട് എന്നിവർ പറഞ്ഞു. പാൽവിപ്ലവം ലക്ഷ്യമാക്കി ക്ഷീരസാഗരം പദ്ധതി വിജയകരമായി കൊണ്ടു പോകുന്ന മേഖലയാണ് പമ്പാവാലി. ഇതര കൃഷികളിലെ നഷ്ടം മൂലം നൂറുകണക്കിന് കർഷകരാണ് ക്ഷീരമേഖലയിലേക്ക് മാറിയത്.