പമ്പ് ഹൗസിലെ ട്രാൻസ്‌ഫോർമർ വീണ്ടും തകരാറിൽ; ജലവിതരണം നിലച്ചിട്ട് മൂന്നു ദിവസം

കാഞ്ഞിരപ്പള്ളി ∙ കരിമ്പുകയം പമ്പ് ഹൗസിലെ ട്രാൻസ്‌ഫോർമർ വീണ്ടും തകരാറിലായി. ഇതോടെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം പൂർണമായും നിലച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞു. പമ്പ് ഹൗസിലെ 100 എച്ച്പി ശേഷിയുള്ള പമ്പ് സെറ്റിനോടനുബന്ധിച്ചുള്ള 315 കെവിഎ ഇൻഡോർ ട്രാൻസ്‌ഫോർമറാണ് പതിവായി തകരാറിലാകുന്നത്.

കഴിഞ്ഞ സെപ്റ്റംബർ എട്ടിന് തകരാറിലായ ട്രാൻസ്‌ഫോർമർ 50 ദിവസത്തിനു ശേഷം പരിഹരിച്ച് പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം വീണ്ടും തകരാറിലായി. ഇതും പരിഹരിച്ചു സ്ഥാപിച്ച ട്രാൻസ്‌ഫോർമർ ഒരു മാസത്തോളം പ്രവർത്തിച്ച ശേഷം കഴിഞ്ഞ വെള്ളിയാഴ്ച്ച വീണ്ടും തകരാറിലായി.

ഇതോടെ 100 എച്ച്പി ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് നടത്തിവന്ന പമ്പിങ്ങാണ് മൂന്നു ദിവസമായി തടസ്സപ്പെട്ടിരിക്കുന്നത്. പമ്പ് ഹൗസിലെ 20 എച്ച്പി പമ്പ് സെറ്റും തകരാറിലായിട്ട് രണ്ടു മാസമായി. ഇതോടെ ആശുപത്രികളും വിവിധ സ്ഥാപനങ്ങളുമടക്കം 4200ലേറെ ഗുണഭോക്താക്കളുള്ള പദ്ധതിയിൽ ജലവിതരണം പൂർണമായും നിലച്ച സ്ഥിതിയാണ്.

വേനൽ തുടങ്ങിയതോടെ മേഖലയിലെ ജലസ്രോതസ്സുകളും വറ്റി തുടങ്ങിയ സാഹചര്യത്തിൽ കരിമ്പുകയത്തുനിന്നുള്ള ജലവിതരണവും തടസ്സപ്പെട്ടിരിക്കുന്നത് ഗുണഭോക്താക്കളെ ദുരിതത്തിലാക്കും. 315 കെവിഎ ഇൻഡോർ ട്രാൻസ്‌ഫോർമറിന്റെ തകരാർ പരിഹരിക്കുന്ന നടപടികൾ നടന്നുവരുകയാണെന്നും ശനിയാഴ്ച ട്രാൻസ്‌ഫോർമർ പുനഃസ്ഥാപിച്ച് 100 എച്ച്പി മോട്ടോർ ഉപയോഗിച്ച് പമ്പിങ് പുനരാരംഭിക്കാൻ കഴിയുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

പദ്ധതി നവീകരിക്കണം

കരിമ്പുകയം പദ്ധതിയുടെ ശേഷി വർധിപ്പിക്കണമെന്ന് ആവശ്യം ശക്തമാണ്. പതിവായി തകരാറുകൾ ഉണ്ടാകാതിരിക്കാൻ പദ്ധതി നവീകരിക്കണമെന്നും ആവശ്യം ഉയർന്നു. പദ്ധതിക്കു കീഴിൽ 4200 കണക്‌ഷനുകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും പൊൻകുന്നം ടൗൺ, ജനറൽ ആശുപത്രി എന്നിവ ഉൾപ്പെടുന്ന ചിറക്കടവ് പഞ്ചായത്തിലാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 700 കണക്‌ഷനുകളുമാണുള്ളത്. ഇത്രയും ഗുണഭോക്താക്കൾക്ക് വെള്ളം എത്തിക്കാൻ പദ്ധതിയുടെ ശേഷി വർധിപ്പിക്കേണ്ടതുണ്ട്.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലേക്കും ചിറക്കടവ് പഞ്ചായത്തിലേക്കും ജലവിതരണം നടത്താൻ ഗ്രാമ ദീപത്തുള്ള ബൂസ്റ്റർ പമ്പ് ഹൗസിൽ നിലിവിൽ ഒരു പമ്പ് സെറ്റ് മാത്രമാണുള്ളത്. അതിനാൽ ഇവിടെ നിന്നു രാത്രിയും പകലും മാറി മാറി പമ്പിങ് നടത്തേണ്ടിവരുന്നു. ഇരു പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണത്തിന് ഓരോ പമ്പ് സെറ്റുകൾ വീതം ആവശ്യമാണ്.