പരസ്യബോർഡ് വയ്ക്കുന്നതിൽ വിവേചനമെന്ന് ആരോപണം

എരുമേലി∙ ശബരിമല പാതകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവേചനം നടക്കുന്നതായി ആരോപണം. ഉദ്യോഗസ്ഥരുടെ താൽപ്പര്യത്തിനനുസരിച്ച് ചില ബോർഡുകൾ മായ്ക്കുകയും മറ്റു ചിലത് നിലനിർത്തുകയും ചെയ്യുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. മണ്ഡല മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട് ശബരിമല പാതകളിൽ ആയിരക്കണക്കിന് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ ബഹുഭൂരിഭാഗവും സ്ഥാപിച്ചിരിക്കുന്നത് സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലാണ്.

ഇത്തരം പുരയിടങ്ങളോട് ചേർന്ന് കടകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത്തരം പുരയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചില ബോർഡുകൾ എടുത്തു മാറ്റാൻ അധികൃതർ നിർദേശം നൽകിയതായി വ്യാപാരികൾ ആരോപിക്കുന്നു. അധികൃതരുടെ നിർദേശ പ്രകാരം ബോർഡുകൾ പെയിന്റ് ഉപയോഗിച്ച് മായ്ക്കുകയോ തുണി ഉപയോഗിച്ച് മൂടുകയോ ചെയ്തിരിക്കുകയാണ്. ഇതോടെ വേറെ ബോർഡുകൾ സ്ഥാപിക്കേണ്ട ഗതികേടിലാണ് കച്ചവടക്കാർ.