പരസ്യ ലോകത്തെ മിന്നും താരം

Sachin Tendulkarക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കളത്ത് മാത്രമല്ല ബ്രാന്‍ഡിംഗ് ലോകത്തും മിന്നുംതാരമാണ്. ഏതുടീമും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സച്ചിനെ ബ്രാന്‍ഡ് അംബാസിഡറായി കിട്ടുകയെന്നത് മുന്‍നിര കമ്പനികളെല്ലാം വന്‍ നേട്ടമായാണ് കണക്കാക്കിയിരുന്നത്. കുട്ടിത്തമുള്ള സച്ചിന്റെ ചലനങ്ങളും വാക്കുകളും പരസ്യങ്ങള്‍ക്ക് ആകര്‍ഷണീയതയും സ്വീകാര്യതയും കൂട്ടിയിരുന്നു. ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ ലൈഫ് … തുടങ്ങിയ സച്ചിന്റെ പരസ്യവാചകങ്ങള്‍ ഏറെ ശ്രദ്ധ നേടിയവയാണ്.

എന്നാല്‍ പണസമ്പാദനത്തിനായി എല്ലാ പരസ്യങ്ങളിലും സഹകരിക്കുകയെന്ന മനോഭാവവും സച്ചിനുണ്ടായിരുന്നില്ല. എന്നും സാമൂഹിക പ്രതിബന്ധത കാട്ടിയിരുന്ന സച്ചിന്‍ വന്‍ പ്രതിഫലം വേണ്ടെന്ന് വച്ച്, മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള ക്ഷണം നിരസിച്ചിട്ടുണ്ട്. മദ്യത്തിന്റെയോ പുകയില ഉത്പന്നങ്ങളുടെയോ പരസ്യത്തിന്റെ ഭാഗമാവില്ലെന്ന് അച്ഛന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകയായിരുന്നു സച്ചിന്‍.

പെപ്സി, ബൂസ്റ്റ്, റെയ്‌നോള്‍ഡ്‌സ്, ബ്രിട്ടാനിയ, അഡിഡാസ് തുടങ്ങിയ നിരവധി കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്‍ എയ്ഡ്‌സ് ബോധവല്‍കരണ പരിപാടിയുടേയും നാഷണല്‍ എഗ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും ഭാഗമായിട്ടുണ്ട്. 2011 ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്നു സച്ചിന്‍.