പരാധീനതകളോട് പടപൊരുതി നേടിയ മെഡലുകള്‍ സന്ധുവിന്റെ അഭിമാനം


കുറ്റിക്കയം (കോരുത്തോട്): നിലയ്ക്കാത്ത ചുവടുവയ്പുകള്‍ക്ക് പിന്നാലെയെത്തുന്നത് മെഡലുകള്‍. കുന്നും മലയും പിന്നിട്ട് പരാധീനതകളോട് പടപൊരുതി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സന്ധു സുകുമാരന്‍ നേടിയ മെഡലുകള്‍ നാടിന് അഭിമാനമാവുകയാണ്.

കോരുത്തോട് കുറ്റിക്കയം മണ്ണാറയ്ക്കല്‍ സുകുമാരന്‍ – ലാലി ദമ്പതിമാരുടെ മകന്‍ സന്ധു വരുന്നത് പരാധീനതകള്‍ക്ക് നടുവില്‍നിന്നാണ്.

മേസ്തിരിപ്പണിക്കാരനായ സുകുമാരന്റെ രണ്ടുമക്കളില്‍ ഇളയവനാണ് സന്ധു. സഹോദരി സൗമ്യ ബി.സി.എം. കോളേജ് ബി.എസ്‌സി. വിദ്യാര്‍ഥിനിയാണ്. സൗമ്യയുടെ പഠിത്തത്തിന്റെ ചെലവുകള്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്റെ ഭാര്യ പ്രൊഫ. ഗീതയാണ് വഹിക്കുന്നത്.

4-ാം ക്ലാസ്സുമുതല്‍ സ്‌കൂള്‍ മീറ്റുകളില്‍ മത്സരിക്കുന്ന സന്ധു കായികാചാര്യന്‍ കെ.പി. തോമസ് മാഷിന്റെ ശിഷ്യനാണ്. കോരുത്തോട് പള്ളിപ്പടി സെന്റ് ജോര്‍ജ്ജ് യു.പി. സ്‌കൂളില്‍നിന്ന് തോമസ് മാഷിന്റെ ഒപ്പം കൂടി. 7-ാം ക്ലാസ്സുവരെ ഇവിടെ പഠിച്ചു. ഒരു വര്‍ഷം ഏന്തയാര്‍ ജെ.ജെ. മര്‍ഫിയില്‍. തുടര്‍ന്ന് വണ്ണപ്പുറം എസ്.എന്‍.എം. സ്‌കൂളില്‍. തോമസ് മാഷിന്റെ മകന്‍ രാജസ് തോമസിന്റെ ശിക്ഷണത്തിലാണ് സന്ധു ഇപ്പോള്‍.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എട്ടു താരങ്ങളില്‍ ഒരാളാണ് സന്ധു. കഴിഞ്ഞ സ്‌കൂള്‍ മീറ്റില്‍ ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണ്ണം നേടി. ഇക്കൊല്ലം ലക്‌നൗവില്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റിലും ജൂണിയര്‍ വിഭാഗത്തില്‍ 400 മീറ്ററിലും സ്വര്‍ണ്ണം നേടിയിരുന്നു. ഈ വര്‍ഷം സന്ധു സീനിയറിലേക്ക് മാറി. എങ്കിലും കരുത്തന്‍മാരോട് മത്സരിച്ച് 400 മീറ്ററില്‍ സ്വര്‍ണ്ണം നേടി.

10 സെന്റ് സ്ഥലമാണ് സുകുമാരന് ആകെയുള്ള സമ്പാദ്യം. ബ്ലോക്ക് പഞ്ചായത്ത് ധനസഹായം നല്‍കി പണിത വീടിന്റെ നിര്‍മ്മാണം സാമ്പത്തിക പ്രതിസന്ധി കാരണം പാതിവഴിയിലാണ്. ഇക്കാരണത്താല്‍ അച്ഛന്‍ കുട്ടപ്പന്റെ കൂടെയാണ് സുകുമാരന്‍ താമസിക്കുന്നത്.

പരമ്പരാഗത കുട്ട, മുറം എന്നിവ നെയ്യുന്ന കുട്ടപ്പന്റെ സഹായിയായി ലാലി ജോലി ചെയ്യുന്നുണ്ട്.