പരാധീനതകള്‍ക്കിടയിലും കൈയില്‍ മാറിക്കിട്ടിയ രണ്ടു ലക്ഷം രൂപയില്‍ രാജേഷിന്റെ കണ്ണ്‌ മഞ്ഞളിച്ചില്ല, പണം തിരികെ കൊടുത്തു നാടിനു അഭിമാനമായി …

പരാധീനതകള്‍ക്കിടയിലും കൈയില്‍ മാറിക്കിട്ടിയ രണ്ടു ലക്ഷം രൂപയില്‍ രാജേഷിന്റെ കണ്ണ്‌ മഞ്ഞളിച്ചില്ല, പണം തിരികെ കൊടുത്തു നാടിനു അഭിമാനമായി …

കൂലിപണിക്കാരന്റെ സത്യസന്ധത … ഇന്റലിജന്‍സ്‌ ബ്യൂറോ ഡി.വൈ.എസ്‌.പി. ജോണ്‍ വർഗീസിന് തിരികെ കിട്ടിയത് നഷ്ട്ടപെട്ട രണ്ടു ലക്ഷം രൂപ.

മണിമല: പരാധീനതകള്‍ക്കിടയിലും കൈയില്‍ മാറിക്കിട്ടിയ ബാഗിലെ രണ്ടു ലക്ഷം രൂപയില്‍ രാജേഷിന്റെ കണ്ണ്‌ മഞ്ഞളിച്ചില്ല. ഉടമസ്‌ഥനെ കണ്ടെത്തി തുക തിരികെ നല്‍കി മാതൃകയായപ്പോള്‍ അഭിനന്ദനവുമായി ചുറ്റും കൂടിയത്‌ നിയമപാലകര്‍.

കൂലിപ്പണിക്കാരനായ കറിക്കാട്ടൂര്‍ ചാരുവേലി കല്ലോലിക്കല്‍ രാജേഷാണ്‌ കൈയില്‍കിട്ടിയ രണ്ട്‌ ലക്ഷം രൂപ അടങ്ങിയ ബാഗ്‌ ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചത്‌. യുവാവിന്റെ സത്യസന്ധതയില്‍ നഷ്‌ടമായെന്ന്‌ കരുതിയ പണം തിരികെ ലഭിച്ചത്‌ ഇന്റലിജന്‍സ്‌ ബ്യൂറോ ഡി.വൈ.എസ്‌.പി. ജോണ്‍ വര്‍ഗീസിന്‌.

ചൊവ്വാഴ്‌ച വൈകിട്ട്‌ ഏഴ്‌ മണിയോടെ പൊന്തന്‍പുഴ ബസ്‌ സ്‌റ്റോപ്പിലാണ്‌ സംഭവം. സഹോദരിക്ക്‌ കടമായി നല്‍കിയ തുക തിരികെ വാങ്ങി മടങ്ങിപ്പോകുന്നതിന്‌ ബസ്‌ കാത്ത്‌ കടത്തിണ്ണയില്‍ നിന്ന ജോണ്‍ വര്‍ഗീസിന്‌ സമീപം തന്നെയാണ്‌ രാജേഷും ബസ്‌ കാത്ത്‌ നിന്നത്‌. ഇതിനിടെ രാജേഷിനോട്‌ ബസിന്റെ സമയവിവരം അന്വേഷിക്കുകയും ചെയ്‌തു. മൊബൈലില്‍ സംസാരിക്കുന്നതിനിടെ ബസ്‌ എത്തിയതോടെ ബാഗുമായി ബസിനുള്ളില്‍ കയറിയെങ്കിലും പണം അടങ്ങിയ കാരിബാഗിന്‌ പകരം രാജേഷിന്റെ പണി സാധനങ്ങള്‍ അടങ്ങിയ ബാഗാണ്‌ ഡി.വൈ.എസ്‌.പി എടുത്തത്‌. ബാഗ്‌ മാറിയത്‌ ശ്രദ്ധിക്കാതിരുന്ന രാജേഷ്‌ അല്‍പനേരം കഴിഞ്ഞാണ്‌ വിവരം അറിയുന്നത്‌.

ബാഗിനുള്ളില്‍ പണവും മറ്റു വസ്‌തുക്കളും കണ്ടതോടെ മണിമല പഞ്ചായത്ത്‌ അംഗം ജെയിംസ്‌ പി. സൈമണിനെയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണിക്കുട്ടി അഴകമ്പ്രയെയും വിവരം ധരിപ്പിച്ചു. തുടര്‍ന്ന രാത്രി പത്ത്‌ മണിയോടെ മൂവരും ചേര്‍ന്ന്‌ മണിമല പോലീസ്‌ സ്‌റ്റേഷനിലെത്തി പണം ഏല്‍പ്പിക്കുകയും ചെയ്‌തു.

പണം നഷ്‌ടപ്പെട്ട ജോണ്‍വര്‍ഗീസ്‌ കറുകച്ചാല്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. പണം തിരികെ ലഭിച്ചതറിഞ്ഞതോടെ ഇന്നലെ രാവിലെ മണിമല പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയ ഉടമസ്‌ഥന്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും ജനപ്രതിനിധികളുടെയും പോലീസ്‌ ഉദ്യോഗസ്‌ഥരുടെയും സാന്നിധ്യത്തില്‍ രാജേഷ്‌ പണം കൈമാറി. രാജേഷിന്റെ സത്യസന്ധതയ്‌ക്ക്‌ പ്രത്യുപകാരമായി ഡി.വൈ.എസ്‌.പി അയ്യായിരം രൂപയും നല്‍കി.
1-web-satya-sandhatha-

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)