പരീക്ഷാച്ചൂടിൽ സ്കൂളുകൾ; രക്ഷിതാക്കൾക്കും അധികൃതർക്കും ആശങ്ക


എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ദിവസങ്ങൾ മാത്രം. തയാറെടുപ്പുകൾ ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പും സ്കൂളുകളും. ആശങ്ക പൂർണമായും അകലാതെ രക്ഷിതാക്കൾ. 

 സ്കൂളുകളിലെ ഒരുക്കം

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതർ നടത്തുന്നത്. വലിയ ഹാളുകളാണു പരീക്ഷ എഴുതുന്നതിന് ഒരുക്കുന്നത്. ഒരു ബെഞ്ചിൽ 2 വിദ്യാർഥികളെ വീതം ഇരുത്തും. കുട്ടികളുടെ തെർമൽ സ്ക്രീനിങ് ആരോഗ്യ വകുപ്പ് നടത്തുമെന്നാണ് സ്കൂൾ അധികൃതർ കരുതുന്നത്. ഇതു സംബന്ധിച്ച് സ്കൂളുകൾക്ക് നിർദേശം ലഭിച്ചിട്ടില്ല. സ്കൂളുകൾ അണുവിമുക്തമാക്കുന്നതിന് അഗ്നിരക്ഷാസേനയുടെ സഹായവും തേടാം.  

 രക്ഷിതാക്കൾക്കും അധികൃതർക്കും ആശങ്ക

വിദ്യാർഥികളുടെ സ്കൂളുകളിലേക്കും തിരിച്ചുമുള്ള യാത്രയാണ് രക്ഷിതാക്കൾക്ക് ആശങ്ക. സ്കൂൾ ബസ്  ഇല്ലാത്ത ഒട്ടേറെ സ്കൂളുകൾ ജില്ലയിലുണ്ട്. ബസ് ഉള്ള സ്കൂളുകളിലും വേണ്ടത്രയില്ല. സ്കൂൾ ബസ് സൗകര്യം ഇല്ലാത്ത വിദ്യാർഥികളെ മറ്റ് എൽപി– യുപി സ്കൂളുകളുടെ ബസുകളിൽ പരീക്ഷയ്ക്ക് എത്തിക്കാനും മടക്കി അയയ്ക്കാനുമാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം.

രക്ഷാകർതൃ സമിതി ഫണ്ട് ഇതിനായി ഉപയോഗിക്കാനാണ് നിർദേശം. ഹയർ സെക്കൻഡറി വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്നതു സംബന്ധിച്ച് നിർദേശം ഇതു വരെ ലഭിച്ചില്ലെന്ന് അധികൃതർ പറയുന്നു. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളുള്ള സ്കൂളുകളിലും എല്ലാവർക്കുമായി ബസ് സജജീകരിക്കുന്നതു പ്രായോഗികമാകില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.

പൊതുഗതാഗതം ആരംഭിച്ചെങ്കിലും കുട്ടികൾക്ക് പണ്ടത്തെപ്പോലെ ഒരു സമയം കൂട്ടമായി ബസിൽ യാത്ര ചെയ്യാൻ കഴിയില്ല. ഇതോടെ രക്ഷിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ എത്തിക്കേണ്ടി വരും. ജില്ലയ്ക്കു പുറത്തുള്ള പരീക്ഷാ ചുമതലയുള്ള അധ്യാപരോടു സ്വന്തം നിലയിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. 

 75,000 മാസ്ക് തയാർ

ജില്ലയിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ആവശ്യമായ മാസ്കുകൾ ഹയർ സെക്കൻഡറി നാഷനൽ സർവീസ് സ്കീം വൊളന്റിയർമാർ നിർമിച്ചു നൽകി.

90 എൻഎസ്എസ് യൂണിറ്റുകളിൽ പ്രോഗ്രാം ഓഫിസർമാരുടെ നേതൃത്വത്തിൽ 9,000 വൊളന്റിയർമാർ ചേർന്ന് 75,000 മാസ്കുകൾ തയാറാക്കി.മാസ്ക്കുകൾ മന്ത്രി പി.തിലോത്തമൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കൈമാറി.

എൻഎസ്എസ് ക്ലസ്റ്റർ കൺവീനർമാരായ ആർ. രാഹുൽ, ടി.സി.ജോമോൻ, കെ.ജയകൃഷ്ണൻ, ബിജി ആൻ കുര്യൻ, സിന്ധു ജി. നായർ, കെ.സി. ചെറിയാൻ, ബിനോ.കെ .തോമസ് എന്നിവർ ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.