പര്യടനം നടത്തി

പൊൻകുന്നം ∙ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രമുഖ സ്‌ഥാനാർഥികൾ ഇന്നലെ ചിറക്കടവ്, എലിക്കുളം, വാഴൂർ, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഇടതു മുന്നണി സ്‌ഥാനാർഥി വി.ബി. ബിനു ഇന്നലെ പൊൻകുന്നം ടൗണിൽ വ്യാപാരികളെ കണ്ട് വോട്ടഭ്യർഥിച്ചു. തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തി വോട്ടർമാരെ കണ്ട സ്‌ഥാനാർഥി ഉച്ചകഴിഞ്ഞ് കുടുംബസംഗമങ്ങളിൽ പങ്കെടുത്തു.

ഉള്ളായം, മഞ്ഞാവ്, ശാന്തിഗ്രാം, ഗ്രാമദീപം എന്നിവിടങ്ങളിൽ നടന്ന കുടുംബസംഗമങ്ങളിൽ ഇടതു മുന്നണി പ്രവർത്തകരെയും അനുഭാവികളെയും കണ്ട് വോട്ടഭ്യർഥിച്ചു. ഇടതു മുന്നണി നേതാക്കളായ ഗിരീഷ് എസ്.നായർ,വി.ജി.ലാൽ, വി.എസ്.മണിലാൽ, ഐ.എസ്.രാമചന്ദ്രൻ, ജയാ ശ്രീധർ, സി.ആർ.ശ്രീകുമാർ, കെ.ബാലചന്ദ്രൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു. ചിറക്കടവ്, പള്ളിക്കത്തോട്, വാഴൂർ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പു കൺവൻഷനുകളിൽ പങ്കെടുത്ത യുഡിഎഫ് സ്‌ഥാനാർഥി ഡോ. എൻ.ജയരാജ് ഭവന സന്ദർശനത്തിനും ഇന്നലെ സമയം കണ്ടെത്തി.

പള്ളിക്കത്തോട്ടിൽ ജോസ് കെ.മാണി എംപി, ചിറക്കടവിൽ ടി.കെ.സുരേഷ് കുമാർ, വാഴൂരിൽ ജ്‌ഞാനേശ്വരൻ പിള്ള എന്നിവർ കൺവൻഷനുകൾ ഉദ്‌ഘാടനം ചെയ്‌തു. പ്രചാരണം ചൂടുപിടിച്ചതോടെ കൂടുതൽ ചിട്ടയായ രീതിയിൽ പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനാണ് ശ്രമിക്കുന്നതെന്ന് സ്‌ഥാനാർഥി പറഞ്ഞു. പ്രവർത്തകരുടെ പ്രത്യേക സ്‌ക്വാഡിനും ഇന്നലെ രൂപം നൽകി. എൻഡിഎ സ്‌ഥാനാർഥി വി.എൻ.മനോജ് ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ വോട്ടഭ്യർഥന നടത്തി.

പൊൻകുന്നം ടൗൺ, ചിറക്കടവ് അമ്പലം, തെക്കേത്തുകവല പ്രദേശങ്ങളിൽ വീടുകളിലെത്തി വോട്ടർമാരെ കണ്ട സ്‌ഥാനാർഥി ടൗണുകളിൽ വ്യാപാരികളോടും വോട്ടഭ്യർഥിച്ചു. കൂടുതൽ പ്രവർത്തനം വേണ്ട പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം പാർട്ടി വോട്ടുകൾക്ക് പുറമെ മുന്നണിയുടെ നയങ്ങൾ ജനങ്ങളിലേക്ക് പരമാവധി എത്തിച്ച് വോട്ടുറപ്പിക്കുകയാണ് ലക്ഷ്യമെന്നും സ്‌ഥാനാർഥി പറഞ്ഞു.