പഴയിടം ഇരട്ടക്കൊലപാതകം പ്രതിക്ക് ജാമ്യം : ജനങ്ങൾ ഭീതിയിൽ …പ്രതിഷേധം വ്യാപകം

1-web-pazhayidam-prathi1

എരുമേലി: കാര്‍ വാങ്ങാന്‍ പണത്തിനായി പിതൃസഹോദരിയേയും ഭര്‍ത്താവിനേയും ചുറ്റികയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തുകയും നിരവധി മാലമോഷണ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്ത പഴയിടം ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാഞ്ഞത് മൂലം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചപ്പോള്‍ പോലീസ് തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു.

കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കണമെന്നിരിക്കെ ഒന്‍പത് മാസമായിട്ടും സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതി അരുണ്‍ ശശിക്ക് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ മാലമോഷണകേസില്‍ മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനായി പ്രതിയെ തടവില്‍ നിന്നും വിട്ടയച്ചിട്ടില്ല. ഈ കേസില്‍ സെഷന്‍സ് കോടതിയില്‍ പ്രതി സമര്‍പ്പിച്ച അപ്പീല്‍ കോടതി അനുവദിച്ചാല്‍ തടവില്‍ നിന്നും ജാമ്യം ലഭിക്കുമെന്ന് നിയമവിദഗ്ദര്‍ പറയുന്നു. ചുരുക്കത്തില്‍ വൈകിയപ്പോയ കുറ്റപത്രം ഇനി സമര്‍പ്പിച്ചാലും പ്രതിക്ക് ജാമ്യം ലഭിക്കുമെന്ന സ്ഥിതിയാണ്.

രണ്ട് പേരെ നിഷ്കരുണം കൊലപ്പെടുത്തുകയും, കൊലപാതകത്തിന് മുമ്ബും പിമ്ബും നിരവധി മാല മോഷണങ്ങള്‍ നടത്തുകയും ചെയ്ത പ്രതികാണ്‌ നിയമത്തിന്റെ പിഴവ് മൂലം ജാമ്യം ലഭിക്കാന്‍ പോകുന്നത്.

ഇരട്ടകൊലപാതകത്തിന് 49 സാക്ഷികളും, 30 തെളിവുകളും, 200-ല്‍ പരം പേജുകളുമുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചാലും ഇനി ജാമ്യം റദ്ദാകില്ലെന്ന് നിയമവിദഗ്ദര്‍ പറയുന്നു.
4-web-pazhayidam-prathi

6-web-pazhayidam-prathi

പ്രതിക്കെതിരെ കൊലപാതക കേസിന് പുറമെ അഞ്ച് മോഷണകേസുകളാണ് ഉള്ളത്. ഇവയുടെ വിചാരണ കാഞ്ഞിരപ്പള്ളി കോടതിയില്‍ അന്തിമഘട്ടത്തിലാണെങ്കിലും സ്വര്‍ണം നഷ്ടപ്പെട്ടവരുടെ പരാതിയില്ലാത്തതിനാല്‍ രണ്ട് കേസുകള്‍ ദുര്‍ബലമാണ്.

മാത്രവുമല്ല കൊലപാതകകേസില്‍ പ്രതിയുടേയും കൊല്ലപ്പെട്ട ദമ്ബതികളുടേയും രക്തം, നഖം, മുടി തുടങ്ങിയവ ഉള്‍പ്പെടെ പരിശോധിച്ചതിന്റെ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കേസിന് ഇത് ഏറെ നിര്‍ണ്ണായകമാണ്. റിപ്പോര്‍ട്ട് ലഭിക്കാന്‍ താമസം നേരിടുംതോറും കേസിന്റെ വിചാരണ ആരംഭിക്കാന്‍ വൈകും.

പരിശോധന റിപ്പോര്‍ട്ട് ലഭിച്ച്‌ വിചാരണ ആരംഭിക്കുന്നതിന് തൊട്ടുമുമ്ബാണ് പ്രോസിക്യൂഷന്‍ ഭാഗത്തെ അഭിഭാഷകര്‍ ആരൊക്കെയാണെന്ന് നിശ്ചയിക്കുക.

. ഏറെ കോളിളക്കം സൃഷ്ടിച്ച പഴയിടം ഇരട്ടകൊലപാതകം കഴിഞ്ഞ ആഗസ്റ്റ് 28 നായിരുന്നു. റിട്ടേയര്‍ഡ് പൊതുമരാമത്ത് സൂപ്രണ്ട് തീമ്ബനാല്‍ ഭാസ്കരന്‍ നായര്‍ (75), ഭാര്യ റിട്ടയേര്‍ഡ് കെഎസ്‌ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുക്കളെ വരെ സംശയിച്ച്‌ പ്രതി ആരെന്നറിയാതെ അന്വേഷണം വഴിമുട്ടി നിലച്ചതോടെ കോട്ടയം കഞ്ഞിക്കുഴിയില്‍ ഒരു സ്ത്രീയുടെ മാല പറിച്ചോടിയ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ഇരട്ടകൊലപാതകത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു.

കൊല്ലപ്പെട്ട തങ്കമ്മയുടെ സഹോദരന്റെ മകന്‍ അരുണ്‍ ശശിയാണ് പിടിയിലായത്. ഇരട്ടകൊലപാതകം കാര്‍ വാങ്ങാന്‍ പണത്തിന് വേണ്ടി നടത്തിയതാണെന്നും ഒപ്പം നിരവധി മാല മോഷണ സംഭവങ്ങളും നടത്തിയിട്ടുണ്െടന്നും അരുണ്‍ ശശി മൊഴി നല്‍കി. കൊല്ലപ്പെട്ടവരില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങളും പലരില്‍ നിന്നായി മോഷ്ടിക്കപ്പെട്ട ആഭരണങ്ങളുമെല്ലാം വിവിധ ജൂവലറികളില്‍ നിന്നും തെളിവെടുപ്പിലൂടെ പോലീസ് കണ്െടത്തി.

ദമ്ബതികളെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക ഒളിപ്പിച്ചത്, ദമ്ബതികള്‍ മരിച്ചെന്നുറപ്പാക്കാന്‍ തലയിണ അമര്‍ത്തിയത്, തെളിവ് നശിപ്പിക്കാന്‍ അരിപ്പൊടി വിതറിയത്, അന്വേഷണം വഴി തെറ്റിക്കാന്‍ വാക്കത്തിയും കോടാലിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചത്, വസ്ത്രങ്ങള്‍ നദിയില്‍ ഒഴുക്കികളഞ്ഞത് തുടങ്ങി നിരവധി തെളിവുകളാണ് പോലീസ് ശേഖരിച്ചത്.

കുറ്റപത്രം നല്കുവാൻ ഉണ്ടായ കാലതാമസം ഇപ്പോൾ പ്രതിക്ക് ജാമ്യം കിട്ടുന്നതിനു ഇടയാക്കി .. ജാമ്യം ലഭിച്ചാൽ പ്രതി വീണ്ടും നാട്ടിലേക്കു വരും എന്നതിനാൽ ജനങ്ങൾ ഭീതിയിലാണ് ..