പഴയിടം ചെക്ക്ഡാം സാമൂഹിക വിരുദ്ധർ തകർത്തു

കാഞ്ഞിരപ്പള്ളി ∙ പഴയിടം ചെക്ക്ഡാമിന്റെ ഷട്ടറുകൾ ഈ വർഷവും സാമൂഹിക വിരുദ്ധർ തകർത്തു വെള്ളം ഒഴുക്കിവിട്ടതായി പരാതി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിലും പൊലീസിനും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നു പഴയിടം ജയ പബ്ലിക് ലൈബ്രറി ഭാരവാഹികൾ ആരോപിച്ചു.

കഴിഞ്ഞ മൂന്നുവർഷങ്ങളിലും വേനൽക്കാലത്ത് ചെക്ക്ഡാമിന്റെ ഷട്ടറുകൾ നശിപ്പിക്കുകയും വെള്ളം ഒഴുക്കിവിടുകയും ചെയ്‌തു. മണിമല, എരുമേലി, ചിറക്കടവ് പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകളുടെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി 2007ൽ ആണ് ചെക്ക്ഡാം നിർമിച്ചത്. 58 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം.

വേനൽക്കാലത്ത് കിലോമീറ്ററുകൾ അകലെയുള്ളവർപോലും കുളിക്കുന്നതിനും വസ്‌ത്രങ്ങൾ കഴുകുന്നതിനും ചെക്ക്ഡാമിലെ വെള്ളം ഉപയോഗിച്ചുവരുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളിലും വേനൽക്കാലത്ത് ചെക്ക്ഡാമിന്റെ ഷട്ടറുകൾ നശിപ്പിച്ചു വെള്ളം ഒഴുക്കിവിട്ടപ്പോൾ പഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് ഷട്ടറുകൾ പുനർനിർമിച്ച് ജലം സംഭരിച്ചത്. കഴിഞ്ഞദിവസവും ചില സാമൂഹികവിരുദ്ധർ ഷട്ടറുകൾ നശിപ്പിക്കുകയും വെള്ളം ഒഴുക്കിക്കളയുകയും ചെയ്‌തു.

സാമൂഹികവിരുദ്ധരുടെ നടപടികൾക്കെതിരെ 21നു വൈകിട്ട് അഞ്ചിനു ജയ പബ്ലിക് ലൈബ്രറി ഹാളിൽ പ്രതിഷേധ യോഗം നടത്തുമെന്നു പ്രസിഡന്റ് ഗാസ്‌പർ കെ. ചെറിയാൻ, സെക്രട്ടറി ജോർജ് വർഗീസ് പുതുപ്പറമ്പിൽ എന്നിവർ അറിയിച്ചു