പഴുമലയിൽ പുതിയതായി ആരംഭിക്കുന്ന പാറമടയ്ക്കെതിരെ പരിസരവാസികൾ പ്രക്ഷോഭത്തിലേയ്‌ക്ക്.

പാറത്തോട് ∙ പഴുമലയിൽ പുതിയതായി ആരംഭിക്കുന്ന പാറമടയ്ക്കെതിരെ പരിസരവാസികൾ പ്രക്ഷോഭത്തിലേയ്‌ക്ക്. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടു പാറമടകളുടെ മധ്യത്തിലാണു പഴുമല ഗ്രാമം സ്‌ഥിതിചെയ്യുന്നത്. മൂന്നൂറോളം കുടുംബങ്ങളിലായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്‌ഥലത്തോടു ചേർന്നു വീണ്ടുമൊരു പാറമട കൂടി തുടങ്ങാനാണ് നീക്കം നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

പാറമടയുടെ പ്രവർത്തനം ജലസ്രോതസുകൾക്ക് ഭീഷണിയായി മാറുമെന്നും നാട്ടുകാർ ആരോപിക്കുന്നു. കടുത്ത ജലക്ഷാമം നേരിടുന്ന മേഖലയാണിത്. പാറമടയുടെ പ്രവർത്തനം തടയുന്നതിനായി കക്ഷിരാഷ്‌ട്രീയത്തിനതീതമായി പഴുമല നിവാസികൾ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. വാര്‍ഡ് മെംബർ ഡെയ്‌സി ജോർജുകുട്ടിയുടെ അധ്യക്ഷതയിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് യോഗം ഉദ്‌ഘാടനം ചെയ്‌തു.

ജില്ലാ പഞ്ചായത്ത് മെംബർ കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ മറിയാമ്മ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ഹനീഫ, പഞ്ചായത്ത് മെംബർ ഷേർലി തോമസ്, സൈമൺ ജോസഫ്, ആക്‌ഷൻ കൗൺസിൽ കൺവീനർ കെ.വി. തോമസ്, കെ.ആർ. സാജൻ, പി.എ. അഫ്‌സൽ, പി.എസ്. മോഹൻദാസ്, കെ.ആർ. ശശിധരൻ, പി.എസ്. പ്രകാശ്, സുജ രഘു, റോസമ്മ റോയി, പി.പി. പീതാംബരൻ എന്നിവർ പ്രസംഗിച്ചു.