പവര്‍ ബാങ്ക് വാങ്ങുന്നുണ്ടോ; എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

\

ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്നം എന്താണ്, ബാറ്ററി തന്നെ. നെറ്റും ഗെയിമും ഒക്കെ ഉപയോഗിച്ചാല്‍ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി ആവിയായി പോകുന്ന അവസ്ഥ. ഇതിന് പരിഹാരമായാണ് പവര്‍ ബാങ്കുകള്‍ അവതരിച്ചത്. ദൂരയാത്ര ചെയ്യുന്നവര്‍ എപ്പോഴും കയ്യില്‍ കരുതുന്ന അത്യവശ്യ വസ്തുവാണ് ഇപ്പോള്‍ പവര്‍ ബാങ്ക്. ഒരു പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ എന്തോക്കെ ശ്രദ്ധിക്കണം, ഇതാ ചിലകാര്യങ്ങള്‍.

പവര്‍ബാങ്കിന്‍റെ ശേഷി

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അതിപ്രധാനമായ കാര്യമാണ് അതിന്റെ ശേഷി എന്നത്. മില്ലിആംപ് (എം.എ.എച്ച്) എന്ന അളവുകോലാണ് പവര്‍ബാങ്കിന്റെ ശേഷി അളക്കാനായി ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന ഫോണിന്‍റെ ചാര്‍ജിംഗ് ശേഷിയേക്കാള്‍ കൂടുതല്‍ എം.എ.എച്ചുള്ള പവര്‍ബാങ്ക് വാങ്ങുന്നതാണ് നല്ലത്. അതുപോലെ തന്നെ പവര്‍ബാങ്കിന്റെ ഔട്ട്പുട്ട് വോള്‍ട്ടേജ് ഫോണിന്‍റെ ഇന്‍പുട്ട് വോള്‍ട്ടേജുമായി കൃത്യമായ താരതമ്യം നടത്തണം.

പവര്‍ബാങ്കിന്‍റെ ഗുണനിലവാരം

പവര്‍ബാങ്കിന്റെ പ്രകടനമികവ് മാത്രമല്ല ഇവിടെ നോക്കേണ്ടത്. എത്രത്തോളം കൃത്യതയോടെയും വേഗതയോടെയുമാണ് ഫോണ്‍ ചാര്‍ജാകുന്നുണ്ട് എന്ന കാര്യം പരിശോധിക്കണം.

എന്തോക്കെ ചാര്‍ജ് ചെയ്യാം

ഒരേസമയം വിവിധ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാകണം ഒരു മികച്ച പവര്‍ബാങ്ക്. ടാബ്‌ലറ്റ്, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ കൂടി ചാര്‍ജ് ചെയ്യാന്‍ പാകത്തിനുള്ള പവര്‍ബാങ്കുകള്‍ ലഭ്യമാണ്. പല പവര്‍ബാങ്കുകളും ഇപ്പോള്‍ യു.എസ്.ബി ചാര്‍ജിംഗ് കേബിളോടെയാണ് വരുന്നത്. കേബിളുകള്‍ പവര്‍ബാങ്കില്‍ തന്നെ മടക്കി സൂക്ഷിക്കാവുന്ന തരം പവര്‍ബാങ്കുകളും ലഭ്യമാണ്. ഇത്തരം പവര്‍ബാങ്കുകളാണ് വാങ്ങുന്നതെങ്കില്‍ കേബിള്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറയും.

എല്‍.ഇ.ഡി സൂചകങ്ങള്‍

ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമാണ് പവര്‍ബാങ്കിലെ എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകള്‍. പവര്‍ബാങ്കിന്‍റെ ബാറ്ററിയുടെ ചാര്‍ജ് അറിയാന്‍ ഇന്‍ഡിക്കേറ്ററുകള്‍ സഹായിക്കും. കൂടാതെ ചാര്‍ജിംഗ് സ്റ്റാറ്റസും ഇന്‍ഡിക്കേറ്റര്‍ കാണിച്ച് തരുന്നു. അതിനാല്‍ തന്നെ വ്യക്തമായ എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകള്‍ ഉള്ള പവര്‍ബാങ്ക് വാങ്ങുന്നത് നല്ലതാണ്

ബ്രാന്‍റ്

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ പേരുകേട്ട ബ്രാന്‍ഡുകളുടെ പവര്‍ബാങ്ക് തന്നെ വാങ്ങുന്നതാണ് അഭികാമ്യം. പവര്‍ബാങ്കിന്‍റെ ബാറ്ററി ഉല്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുക എന്നത് ഉപഭോക്താവിന് അസാധ്യമാണ്.

സുരക്ഷ

വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണമായതിനാല്‍ തന്നെ സുരക്ഷ എന്നത് ചെറിയ കാര്യമല്ല. രാത്രി ഉറങ്ങുമ്പോള്‍ പുലര്‍ച്ച വരെ ചാര്‍ജ് ചെയ്യുന്ന ശീലക്കാരാണ് പലരും. എന്നാല്‍ ഇത് അപകടമാണ്. പവര്‍ബാങ്കിന്റെ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത ഏറുമെന്നതാണ് ഇതിന് കാരണം.
അതിനാല്‍ തന്നെ പവര്‍ ബാങ്ക് തെരഞ്ഞെടുക്കുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ലിഥിയം-പോളിമര്‍ ബാറ്ററിയുള്ളത് തന്നെ തെരഞ്ഞെടുക്കണം. ഇത് സുരക്ഷ ഉറപ്പു വരുത്തുന്നു. മികച്ച പവര്‍ബാങ്ക് പൊട്ടിത്തെറി സാധ്യത കുറയ്ക്കുന്നു.

ആംപിയര്‍ പരിശോധന

പവര്‍ബാങ്ക് വാങ്ങുന്നതിന് മുന്നോടിയായി അതിന്‍റെ ആംപിയര്‍ കൗണ്ട് എത്രയാണെന്ന് അറിയുന്നത് പ്രധാനമാണ്. ചാര്‍ജറില്‍ നിന്ന് ഉപകരണത്തിലേക്ക് നല്‍കപ്പെടുന്ന കരണ്ടാണ് ആംപിയര്‍ കൗണ്ട്. ഫോണ്‍ ആവശ്യപ്പെടുന്നത് 2.1 ആംപിയറാണെങ്കില്‍ അതിനനുസരിച്ചുള്ള പവര്‍ബാങ്കാണ് വാങ്ങേണ്ടത്.