പശ്‌ചിമഘട്ടം .. എന്താണ് യാഥാർത്ഥ്യം

1
യഥാർത്ഥത്തിൽ എന്താണ്, എന്തിനാണ് ആർക്കുവേണ്ടിയാണ് കസ്‌തൂരിരംഗൻ റിപ്പോർട്ടും അതിനേക്കാൾ ദൃഢമായിരുന്ന ഗാഡ്‌ഗിൽ റിപ്പോർട്ടും?

പശ്‌ചിമഘട്ടം

കേരളമുൾപ്പെടെ ആറ് സംസ്‌ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് താപ്‌തി നദി മുതൽ കന്യാകുമാരി വരെ 1500 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് പശ്‌ചിമഘട്ടം. ഏകദേശം 25 കോടി ജനതയുടെ ജീവിതവും ആവാസകേന്ദ്രവും പശ്ചിമഘട്ടവുമായി ബന്‌ധപ്പെട്ടുകിടക്കുന്നു. ലോകത്തിലെ 35 സുപ്രധാന ജൈവവൈവിദ്ധ്യ കേന്ദ്രങ്ങളിൽ ഒന്നാണ് എന്ന പ്രത്യേകതയും പശ്‌ചിമഘട്ടത്തിനുണ്ട്. ഇന്ത്യയിൽ മാത്രം കാണുന്ന നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമായ പശ്‌ചിമഘട്ടം ഒട്ടേറെ നദികളുടെ പ്രഭവസ്ഥാനം കൂടിയാണ്. ചുരുക്കത്തിൽ നമ്മുടെ നിലനിൽപ്പിനാവശ്യമായ ജലവും മഴയും പ്രകൃതിവിഭവങ്ങളും എന്തിന്, ശുദ്ധവായു വരെ പ്രദാനം ചെയ്യുന്ന ഈ വിശാലമലനിരകൾ ജൈവവൈവിദ്ധ്യ സന്പന്നതയ്‌ക്കൊപ്പം നിരന്തര ഭീഷണി കൂടി ഇന്ന് നേരിടുന്നുണ്ട്.
പ്രകൃതിയും അതിനെ ചൂഷണം ചെയ്യുന്ന മനുഷ്യനും തമ്മിലുള്ള നിരന്തര സമരത്തിന്റെ യുദ്ധഭൂമിയാണ് ഇന്ന് പശ്‌ചിമഘട്ടം. പശ്‌ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വിശദീകരിക്കേണ്ട ആവശ്യമില്ല. എന്നാൽ ഈ ജൈവസന്പന്ന മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം അതിന്റെ നിലനിൽപ്പിന് നാൾക്കുനാൾ ഭീഷണിയുയർത്തുന്നു. കാട് ഇല്ലാതാകുന്പോൾ, പുഴ മരിച്ചുതുടങ്ങുന്പോൾ, കാട്ടിലേക്കുള്ള വഴിക്ക് വീതിയേറുന്പോൾ, കാട്ടുമൃഗങ്ങൾ പുതിയ വാസസ്ഥലം തേടി ഉൾവലിയുന്പോൾ, പരിസ്ഥിതിലോല പശ്‌ചിമഘട്ട തീരങ്ങളിൽ കോൺക്രീറ്റ് കുന്നുകൾ പൊങ്ങുന്പോൾ, ഓരോ മഴയ്‌ക്കുമൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്പോൾ, നാമറിയാതെ നമ്മുടെ കാൽക്കീഴിൽ നിന്ന് മണലും മലയും പാറക്കൂട്ടങ്ങളും അകന്നുമാറുന്പോൾ ഓർക്കണം, പശ്‌ചിമഘട്ടം അപകടഘട്ടത്തിലൂടെയുള്ള യാത്രയിലാണെന്ന്.

കസ്‌തൂരിരംഗൻ റിപ്പോർട്ട്

പശ്‌ചിമഘട്ടം സംരക്ഷിക്കപ്പെടണം എന്നതിന് എതിരഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. എങ്ങനെ സംരക്ഷിക്കണം എന്നതാണ് ഇവിടെ പ്രശ്‌നം. ലോകപൈതൃകപ്പട്ടികയിൽ സ്‌ഥാനംപിടിച്ച പശ്‌ചിമഘട്ട സംരക്ഷണത്തിനായി രണ്ട് റിപ്പോർട്ടുകളാണ് അടുത്തകാലത്ത് പുറത്തുവന്നത്. ഒന്ന്, പശ്‌ചിമഘട്ട മലനിരകളുടെ സംരക്ഷണത്തെക്കുറിച്ച് നിർദ്ദേശിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ലോകപ്രശസ്‌ത പരിസ്ഥിതി ശാസ്‌ത്രജ്ഞൻ മാധവ് ഗാ‌ഡ്‌ഗിൽ തയ്യാറാക്കിയ റിപ്പോർട്ട്. രണ്ട്, ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ആക്ഷേപങ്ങളുയർന്ന പശ്‌ചാത്തലത്തിൽ റിപ്പോർട്ട് പഠിച്ച് നിർദ്ദേശങ്ങൾ നൽകാൻ കേന്ദ്രസർക്കാർ നിയമിച്ച ബഹിരാകാശ ശാസ്‌ത്രജ്ഞൻ കസ്‌തൂരിരംഗൻ തയ്യാറാക്കിയ റിപ്പോർട്ട്.

പശ്‌ചിമഘട്ടത്തിന്റെ ജൈവസന്പന്നത കാത്തുസൂക്ഷിക്കാനും പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് കോട്ടംവരാതെ വരുംതലമുറയ്‌ക്ക് കൂടി ഉപകാരപ്രദമാകുംവിധം സംരക്ഷിക്കാനും ഉദ്ദേശിച്ചുള്ള കടുത്ത നിർദ്ദേശങ്ങൾ അടങ്ങിയതായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന പശ്‌ചിമഘട്ട മേഖലയെ സംരക്ഷിക്കുന്നതിന് ഏറെ ഗുണകരമാകുമായിരുന്ന ഗാഡ്‌ഗിൽ റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളിക്കളയുകയും ആ റിപ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ ഒരു “ബഹിരാകാശ ശാസ്‌ത്രജ്ഞ’നെ നിയോഗിക്കുകയും ചെയ്‌തതോടെ പശ്‌ചിമഘട്ട സംരക്ഷണ താത്‌പര്യത്തിൽ കരുതലോടെയുള്ള വെള്ളംചേർക്കൽ നടന്നുവെന്നല്ലേ മനസിലാക്കേണ്ടത്.
കസ്‌തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കാൻ കേന്ദ്രസർക്കാ‌ർ തീരുമാനിച്ച സാഹചര്യത്തിൽ അതിലെ സുപ്രധാന നിർദ്ദേശങ്ങൾ നാമറിയേണ്ടതുണ്ട്. പശ്‌ചിമഘട്ട മലനിരകൾ സംരക്ഷിക്കേണ്ടത് ജനങ്ങളോട് പടവെട്ടിയല്ല എന്ന് കസ്‌തൂരിരംഗൻ റിപ്പോർട്ട് പറയുന്പോൾ, ആ റിപ്പോർട്ടിൽ എത്രത്തോളം മാനുഷികത കുത്തിനിറച്ചിട്ടുണ്ട് എന്ന് വ്യക്‌തം.

കസ്‌തൂരിരംഗൻ റിപ്പോർട്ടിലെ സുപ്രധാന നിർദ്ദേശങ്ങൾ

സംസ്ഥാനത്തെ 123 വില്ലേജുകൾ (ഇവയിൽ ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് പ്രദേശം മുഴുവൻ ഉൾപ്പെടും) പരിസ്‌ഥിതി ദുർബലമേഖലയായി റിപ്പോർട്ട് നിർണയിക്കുന്നു.
പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഖനനം, പാറപൊട്ടിക്കൽ, മണലൂറ്റൽ എന്നീ പാരിസ്ഥിതികാഘാത പ്രവർത്തനങ്ങൾ അനുവദിക്കില്ല. നിലവിലുള്ള ഖനനപ്രവർത്തനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കണം.

ഈ പ്രദേശത്ത് താപനിലയങ്ങൾ അനുവദിക്കില്ല. നിബന്‌ധനകൾക്ക് വിധേയമായി മാത്രമേ ജലവൈദ്യുത പദ്ധതികൾ അനുവദിക്കൂ. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയോട് റിപ്പോർട്ട് യോജിക്കുന്നില്ല.
20,000 ചതുരശ്രയടി മീറ്ററിൽ കൂടുതലുള്ള കെട്ടിടസമുച്ചയങ്ങളും അൻപത് ഹെക്‌ടറിൽ കൂടുതലുള്ള ടൗൺഷിപ്പുകളും അനുവദിക്കില്ല. നിലവിലുള്ളവയ്‌ക്ക് ഈ നിർദ്ദേശങ്ങൾ ബാധകമല്ല.

“റെഡ് ‘ വിഭാഗത്തിൽപ്പെട്ട വ്യവസായങ്ങൾ (വളം, കീടനാശിനി, ഇരുന്പുരുക്ക്, പെട്രോകെമിക്കൽ പോലുള്ളവ) നിരോധിക്കുന്പോൾ ഓറഞ്ച് വിഭാഗത്തിലുള്ള ഭക്ഷ്യ-പഴം ഉത്പാദനവുമായി ബന്‌ധപ്പെട്ട വ്യവസായങ്ങൾ അനുവദിക്കുന്നുണ്ട്.

കാർഷികാവശ്യങ്ങൾക്ക് രാസവളം ഉപയോഗിക്കാവുന്നതാണ്.

ഗാ‌ഡ്‌ഗിൽ റിപ്പോർട്ടിൽ വനപ്രദേശം വനേതര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കുന്പോൾ കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ മുൻകരുതലോടുകൂടിയ “ഫോറസ്‌റ്റ് ഡൈവേർഷൻ’ അനുവദിക്കുന്നുണ്ട്.
ഭൂവിനിയോഗം, കൃഷി, ജലം എന്നിവയെക്കുറിച്ചൊന്നും കസ്‌തൂരിരംഗൻ റിപ്പോർട്ട് കാർഷിക വിരുദ്ധമായൊരു പരാമർശവും നടത്തുന്നില്ല.
കാർഷിക ഭൂമി കൈമാറ്റത്തിന് ഗാഡ്ഗിൽ റിപ്പോർട്ട് വ്യക്‌തമായ നിബന്‌ധനകൾ മുന്നോട്ടുവച്ചപ്പോൾ, കസ്‌തൂരിരംഗൻ റിപ്പോർട്ട് അവ ഒഴിവാക്കി, കാർഷികഭൂമി കൈമാറ്റത്തിന് മൗനസമ്മതം നൽകുന്നുണ്ട്.

മുകളിൽ പരാമർശിച്ചവയുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ, പശ്ചിമഘട്ടപരിധിയിൽ വരുന്ന പ്രദേശത്തെ ജനജീവിതത്തിനും, കാർഷികപ്രവർത്തനത്തിനും ഭൂവിനിയോഗത്തിനും കാർഷികഭൂമികൈമാറ്റത്തിനും നിലവിലുള്ളതിൽനിന്ന് യാതൊരുവിധ വ്യതിചലനവും വരുത്തുന്നില്ല എന്ന് വ്യക്തം. എന്ന് മാത്രവുമല്ല, കൃഷിരൂപാന്തരമടക്കമുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഇല്ലാതാക്കി കാർഷികസംരക്ഷണം ഉറപ്പാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ സാധാരണക്കാരെയും കർഷകരെയും ഒരുതരത്തിലും ദോഷകരമായി ബാധിക്കാത്ത റിപ്പോർട്ട്, വികലമായ വികസനപ്രവർത്തനങ്ങളെ മാത്രമാണ് തടയുന്നത്. ജനങ്ങൾക്ക് പ്രയോജനകരമാകുന്ന പദ്ധതികൾ ഗ്രാമസഭകളുടെ അനുമതിയോടെ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ വ്യവസ്ഥയുണ്ട്.

കൃഷിയിടങ്ങൾ പരിവർത്തനംചെയ്ത് നിർമ്മാണപ്രവർത്തനം നടത്തുന്നവരുടെയും ഖനനം വഴി പണമുണ്ടാക്കുന്നവരുടെയും മാഫിയാസംഘങ്ങളുടെയും കച്ചവടതാത്പര്യങ്ങൾ സംരക്ഷിക്കുന്നില്ല എന്നതൊരു പോരായ്മയാണെങ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ അത്തരം പോരായ്മകൾ മുഴച്ചുനിൽക്കുന്നുണ്ട് എന്നതാണ് സത്യം. വിരോധാഭാസമായ മറ്റൊരുകാര്യം, കർഷകവിരുദ്ധമെന്ന് പറഞ്ഞ് കസ്തൂരിരംഗൻ റിപ്പോർട്ടിനെ പുച്ഛിച്ചുതള്ളുന്നവർ, പശ്ചിമഘട്ടത്തിലെ വനമേഖലയുമായി ഇഴുകിച്ചേർന്നു ജീവിക്കുന്ന ആദിമനിവാസികളെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടുന്നില്ല എന്നതാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കർഷകരെയും കൃഷിയെയും സംരക്ഷിക്കാനെന്ന മുറവിളിയിൽ, പശ്ചിമഘട്ടത്തിലേക്കുള്ള അനധികൃത കടന്നുകയറ്റത്തിനുള്ള ലൈസൻസല്ലേ കേരളം ആവശ്യപ്പെടുന്നത്? ഇത് കേവലം ദുർബലമായൊരു വാദം മാത്രമാണ്. കുട്ടനാട്ടിൽ നെൽക്കൃഷിയല്ല മറിച്ച്, വിമാനത്താവളമാണ് വേണ്ടത് എന്ന വാദം പോലെ.

ചുരുക്കത്തിൽ സമ്പൂർണ സാക്ഷരത കൈമുതലുള്ള പ്രബുദ്ധരായ മലയാളികൾ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള രണ്ട് റിപ്പോർട്ടുകളും ഒരുവട്ടമെങ്കിലും മനസിരുത്തി വായിച്ചിരുന്നെങ്കിൽ, അതിലെ ഓരോ നിർദ്ദേശത്തിന്റെയും അന്തഃസത്ത ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ടിരുന്നെങ്കിൽ, മയപ്പെടുത്തിയ കസ്തൂരിരംഗൻ റിപ്പോർട്ടിനു പകരം കുറേക്കൂടി ദൃഢമായ ഗാഡ്‌ഗിൽ റിപ്പോർട്ട് രണ്ടുകൈയുംനീട്ടി സ്വീകരിക്കുമായിരുന്നു എന്ന് ഉറപ്പാണ്. കാരണം, നമ്മുടെ തലമുറയോടൊപ്പം തീരുന്നതല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം. അത് നാളെയും തുടരണം. അതിനുവേണ്ടത്, വികസനമെന്ന വാക്കിന്റെ വികലമായ നിർവചനങ്ങൾ തിരുത്തി, സുസ്ഥിരവികസനത്തിന് അടിവരയിടുകയാണ്. കസ്തൂരിരംഗൻ റിപ്പോർട്ടുകൂടി നടപ്പിലാകുന്നില്ലെങ്കിൽ പശ്ചിമഘട്ടത്തെയും ഭാവിതലമുറയെയും ആര് സംരക്ഷിക്കും?