പാചകവാതക വിതരണം കാര്യക്ഷമമാക്കണം

കാഞ്ഞിരപ്പള്ളി∙ മേഖലയിൽ പാചകവാതക വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയർന്നു. പൊൻകുന്നത്തു പ്രവർത്തിക്കുന്ന ഏജൻസിയിൽ നിന്ന് ആഴ്ചയിൽ രണ്ടുതവണ ഓരോ പ്രദേശത്തും പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യണമെന്നാണു ചട്ടമെങ്കിലും ഇതു പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. ഏജൻസിയിൽ വിളിച്ചാൽ പലപ്പോഴും ഫോണെടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.

കാഞ്ഞിരപ്പള്ളി നഗരത്തോടു ചേർന്നുകിടക്കുന്ന പാറക്കടവ്, ഇല്ലത്തുപറമ്പിൽപടി, പി.കെ.ജംക്‌ഷൻ, കൊടുവന്താനം ടോപ്പ് എന്നിവിടങ്ങളിൽ സിലിണ്ടർ വിതരണം ചെയ്തിട്ടു നാളുകളായെന്നും നാട്ടുകാർ പറയുന്നു. താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളിയിൽ ഇൻഡേൻ പാചകവാതക ഏജൻസി എത്രയും വേഗം അനുവദിക്കാൻ നടപടി വേണമെന്നു കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം ആവശ്യപ്പെട്ടു.