പാറത്തോട്ടിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തി .


പാറത്തോട് ∙ ‍ആളില്ലാതിരുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് 40,000 രൂപ അപഹരിച്ചു. പാറത്തോട് പുതുമന ജസ്‌വിൻ ജോർജിന്റെ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണു മോഷണം നടത്തിയത്. ബുധനാഴ്ച രാത്രിയാണു മോഷണം ഉണ്ടായത്. വിദേശത്തു ജോലി ചെയ്യുന്ന ജസ്‌വിന്റെ വീട്ടിൽ താമസിക്കുന്ന മാതാവ് മോളി ജോർജ് പതിവായി രാത്രി കിടക്കുന്നതു സമീപത്തുള്ള തറവാട്ടുവീട്ടിലാണ്. ‍ബുധനാഴ്ച രാത്രി മോളി കിടക്കാൻ പോയിക്കഴിഞ്ഞാണു മോഷണം നടന്നത്. മുറിക്കുള്ളിലെ അലമാര കുത്തിത്തുറന്നാണ് 40,000 രൂപ മോഷ്ടിച്ചത് .

എന്നാൽ അലമാരയിൽ ഡപ്പിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ എല്ലാ അലമാരകളും കുത്തിത്തുറന്നു വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. നാല് അലമാരകളും മുൻവശത്തെ കതകും കുത്തിപ്പൊളിച്ച നിലയിലാണ്. തറവാട്ടിൽ താമസിക്കുന്ന ഇളയ മകൻ ആൽവിൻ ജോർജിന്റെ ഭാര്യ വ്യാഴാഴ്ച രാവിലെ തുണി നനയ്ക്കുന്നതിനു ജസ്‌വിന്റെ വീട്ടിലെത്തിയപ്പോഴാണു വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. ആൽവിൻ ജോർജ് പരാതി നൽകിയതിനെത്തുടർന്നു പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.