പാറത്തോട്ടിൽ റേഷൻ കടയിൽ നിന്ന് അരി കടത്താൻ ശ്രമിച്ചത് ഡിവൈഎഫ്എെ പ്രവർത്തകർ തടഞ്ഞു; റേഷൻ കട സസ്പെൻഡ് ചെയ്തു

പാറത്തോട്∙ റേഷൻ കടയിൽ നിന്ന് അരി കടത്താൻ ശ്രമിച്ചത് ഡിവൈഎഫ്എെ പ്രവർത്തകർ തടഞ്ഞു. തുടർന്ന് പൊലീസും താലൂക്ക് സപ്ലൈ ഓഫിസറും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ എആർഡി 29–ാം നമ്പർ റേഷൻ കടയിൽനിന്നു സ്വകാര്യ വാഹനത്തിൽ കുത്തരി കടത്താൻ ശ്രമിച്ചതാണ് ഡിവൈഎഫ്എെ പ്രവർത്തകർ തടഞ്ഞത്.

വിവരമറിഞ്ഞ് പൊലീസും താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരും എത്തി. തുടർന്ന് സപ്ലൈ ഓഫിസർ എസ്.കണ്ണന്റെ നേതൃത്വത്തിൽ റേഷൻകടയിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. സംഭവം നടന്ന രണ്ടാം തീയതി സ്റ്റോക്ക് റജിസ്റ്ററിൽ കണക്ക് ക്ലോസ് ചെയ്ത ശേഷം പിറ്റേദിവസമായ മൂന്നാം തീയതിയും സാധനങ്ങൾ വിറ്റതായി രേഖപ്പെടുത്തിയിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

കൂടാതെ 84 കിലോഗ്രാം കുത്തരിയുടെ കുറവും കണ്ടെത്തിയതായി സപ്ലൈ ഓഫിസർ അറിയിച്ചു. വാഹനത്തിൽ കയറ്റി കടത്താൻ ശ്രമിച്ച 200 കിലോഗ്രാം കുത്തരിയും പിടിച്ചെടുത്തു. ഈ റേഷൻ കടയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നവർക്ക് സമീപത്തെ 37–ാം നമ്പർ റേഷൻ കടയിൽ നിന്നു സാധനങ്ങൾ ലഭ്യമാണെന്നും സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു.