പാറത്തോട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ജലവിതരണ പദ്ധതി അവതാളത്തിൽ

കാഞ്ഞിരപ്പള്ളി ∙ പാറത്തോട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ജലവിതരണ പദ്ധതി അവതാളത്തിൽ. ആറു മാസമായി ഗുണഭോക്‌താക്കൾക്ക് തുള്ളി വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഗുണഭോക്‌താക്കൾ കലക്‌ടറെ സമീപിച്ചിരിക്കുകയാണ്. പദ്ധതിയുടെ പ്രവർത്തനം നിലച്ചതോടെ പാറത്തോട് പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കുന്നുംഭാഗം കോളനിയിലെ ജലക്ഷാമം രൂക്ഷമായതായി തദ്ദേശവാസികൾ പറയുന്നു. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച ജനകീയ ജലവിതരണ സംഘം ഭാരവാഹികളുടെ അനാസ്‌ഥമൂലമാണ് പദ്ധതി അവതാളത്തിലായതെന്ന് ആരോപിച്ചാണ് തദ്ദേശവാസികൾ ജില്ലാ കലക്‌ടർക്ക് പരാതി നൽകി. 2011 ലാണ് ജലവിതരണ പദ്ധതി പ്രവർത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് നാലു ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്ത് അനുവദിച്ച മൂന്നു ലക്ഷം രൂപയും ഉൾപ്പെടെ ഏഴു ലക്ഷം രൂപ മുടക്കി പൂർത്തിയാക്കിയ പദ്ധതിയിൽനിന്നു മേഖലയിലെ 110 കുടുംബങ്ങൾക്ക് വെള്ളം ലഭിച്ചിരുന്നു. പദ്ധതിക്കു വേണ്ടി ഒരു ഗുണഭോക്‌താവിൽ നിന്നു 4000 മുതൽ 5000 രൂപ വരെ വാങ്ങുകയും ചെയ്‌തിരുന്നുവത്രേ. കൂടാതെ വീടുകളിലേക്കുള്ള പൈപ്പ് കണക്‌ഷനുള്ള തുകയും ഗുണഭോക്‌താക്കളാണ് വഹിച്ചത്.

മാസവരിയായി വീടൊന്നിന് 80 രൂപയും ഈടാക്കിയിരുന്നു. മൂന്നു വർഷത്തോളം സുഗമമായി പ്രവർത്തിച്ചുവന്ന പദ്ധതി പിന്നീട് അവതാളത്തിലായിത്തുടങ്ങി. ജലവിതരണത്തിനായി രൂപീകരിച്ച സംഘത്തിന്റെ പ്രവർത്തനങ്ങളാണ് ആദ്യം താളം തെറ്റിയത്. കൃത്യമായ കമ്മിറ്റികളൊന്നും വിളിച്ചുചേർക്കാതെ അഴിമതി നടത്തി പദ്ധതിയെ തകർക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 35000 രൂപ വില വരുന്ന പമ്പ് സെറ്റിന്റെ തകരാർ പരിഹരിക്കാൻ 73900 രൂപ മുടക്കിയതായി സംഘത്തിന്റെ കണക്കുകളിൽ കാണിച്ച് അഴിമതി നടത്തിയതായും പരാതിയിൽ പറയുന്നു. വേനൽ കടുത്ത് ജലക്ഷാമം രൂക്ഷമായപ്പോൾ പദ്ധതിയുടെ പ്രവർത്തനവും നിലച്ചതോടെ കുന്നുംഭാഗം കോളനിയിലെ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കോളനിയിലെ കുടുംബങ്ങൾ ഇപ്പോൾ വെള്ളം വില കൊടുത്തു വാങ്ങുകയാണ്. 1500 ലീറ്റർ വെള്ളത്തിന് അഞ്ഞൂറു രൂപ നൽകിയാണ് വെള്ളം വാങ്ങുന്നത്