പാറത്തോട് പഞ്ചായത്തിലെ എട്ടു പേര്‍ക്ക് ഡെങ്കിപ്പനിബാധയെന്ന് സംശയം

കാഞ്ഞിരപ്പള്ളി ∙ പാറത്തോട് പഞ്ചായത്തിലെ വിവിധ മേഖലകളിലായി എട്ടു പേരിൽ ഡെങ്കിപ്പനി സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് അധിക‍ൃതർ അറിയിച്ചു. ഇവർ വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിൽസയിലാണ്. മേഖലയിൽ ഇന്നലെ ആരോഗ്യ വകുപ്പും വെക്ടർ കൺട്രാേൾ ബോർഡും പരിശോധന നടത്തി. ഹെൽത്ത് സൂപ്പർവൈസർ എം.ടി.ജോയ്, ഹെൽത്ത് ഇൻസ്പെക്ടർ വി.സാബു എന്നിവരുടെ നേതൃത്വത്തിൽ ആശാ വർക്കർമാരും ആരോഗ്യ പ്രവർത്തകരും ചേർന്നു കൊതുക് പെരുകുന്ന സ്ഥലങ്ങൾ കണ്ടെത്തി കൊതുക് നശിപ്പിച്ചു. പ്രദേശത്തെ വീടുകളിലും കൊതുകുനാശിനി തളിച്ചു.

ദിവസവും പ്രദേശത്ത് ഫോഗിങ് നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നു രാവിലെ 10ന് ഇടക്കുന്നം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാംപും ആരോഗ്യ ബോധവൽക്കരണ പരിപാടിയും നടത്തും. തോട്ടങ്ങളുടെ പരിസരവാസികള്‍ ജാഗത്ര പുലര്‍ത്തണം മഴ തുടങ്ങിയതോടെ മേഖലയിലെ റബർതോട്ടങ്ങളിൽ ടാപ്പിങ് മുടങ്ങി. റബർ ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഏറെയും കൊതുകുകൾ പെരുകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും റബർ, കൈത കൃഷികൾക്കു സമീപം താമസിക്കുന്നവർ ജാഗ്രത പുലർത്തുവാനും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 12 റബർ, കൈത തോട്ടം ഉടമകൾക്കു നോട്ടിസ് നൽകി. വീട്ടിലും പരിസരത്തും കൊതുകുകൾ പെരുകാനുള്ള സാഹചര്യങ്ങളുണ്ടെങ്കിൽ അവ കണ്ടെത്തി ഉറവിട നശീകരണം നടത്തണമെന്നും കഴിവതും കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസ നടത്താതെ ഉടൻ ആശുപത്രികളിലെത്തി വൈദ്യപരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.