പാറത്തോട് വൈദ്യുതി ഓഫീസ് മാറ്റത്തിനെതിരെ വികസന സമിതി

പാറത്തോട്: വൈദ്യുതി ഓഫീസ് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഒരുങ്ങുന്നു. സ്ഥലപരിമിതി ആരോപിച്ചാണ് പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ഓഫീസ് മാറ്റാന്‍ ശ്രമിക്കുന്നത്.

പാറത്തോട്ടിലെയും സമീപ പ്രദേശങ്ങളായ കൂവപ്പള്ളി, പാലമ്പ്ര, ഇടക്കുന്നം, മുക്കാലി, ഇഞ്ചിയാനി, ചിറ്റടി, ചോറ്റി, വേങ്ങത്താനം, പാലപ്ര, പഴുമല, കോതാമല, വെളിച്ചിയാനി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ് പാറത്തോട് വൈദ്യുതി ഓഫീസ്.

പാറത്തോട് കേന്ദ്രമാക്കി വൈദ്യുതി ഓഫീസ് വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ മൂന്നു വര്‍ഷം മുമ്പാണ് ഇവിടെ വൈദ്യുതി ഓഫീസ് ആരംഭിച്ചത്. അതിനു മുമ്പ് ഈ മേഖലയിലുള്ളവര്‍, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വൈദ്യുതി ഓഫീസുകളെയാണ് ആശ്രയിച്ചിരുന്നത്.

പാറത്തോട് ജങ്ഷന് സമീപം ദേശീയപാതയോരത്തെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ജനങ്ങള്‍ക്ക് എത്താന്‍ വളരെ സൗകര്യപ്രദമാണ്. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് പാറത്തോട് വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ളത്. അസൗകര്യങ്ങളുടെ പേരില്‍ ഓഫീസ് ഇവിടെനിന്ന് മാറ്റിയാല്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്നും പാറത്തോട് വികസന സമിതി ഭാരവാഹികള്‍ ആരോപിക്കുന്നു. ഓഫീസ് മാറ്റാനുള്ള തീരുമാനത്തിനെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കാനും വികസന സമിതി യോഗം തീരുമാനിച്ചു. പി.എം.തമ്പിക്കുട്ടി, എം.കെ.സലിം, പി.എ.ഷാഹുല്‍ഹമീദ്, വിജയകുമാര്‍, സൈമണ്‍, കര്‍ണന്‍, പി.ബി.നജീബ്, ശാന്തകുമാര്‍, എം.കെ.നിസാം, ബെന്നി എന്നിവര്‍ പ്രസംഗിച്ചു.