‘പാറമട തുടങ്ങാനുള്ള നീക്കം അവസാനിപ്പിക്കണം’

എരുമേലി∙ ചെമ്പകപ്പാറയിൽ പാറമട പ്രവർത്തനം തുടങ്ങാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു വാവർ മെമ്മോറിയൽ സ്കൂൾ രംഗത്ത്. ഇക്കാര്യത്തിൽ പഞ്ചായത്ത് അനുമതി നൽകരുതെന്നു പിടിഎ ആവശ്യപ്പെട്ടു. സ്കൂളിൽ നിന്നു വായുമാർഗം 200 മീറ്റർ പോലും ദൂരെയല്ലാതെയാണു പാറമട തുടങ്ങാനിരിക്കുന്നതെന്നു യോഗം ആരോപിച്ചു. മടയിൽ നിന്നുള്ള ശബ്ദവും പൊടിപടലങ്ങളും പഠനാന്തരീക്ഷം കലുഷിതമാക്കും.

അന്തരീക്ഷ മലിനീകരണം കുട്ടികൾക്കു മാനസിക, ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കും. ശ്വാസകോശ, ത്വക് രോഗങ്ങൾക്കു കാരണമാകുന്ന മടയ്ക്കെതിരെ സമരവുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. മാനേജർ പി.എ.ഇർഷാദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനിമോൾ മാത്യു, ഷാജഹാൻ, പിടിഎ പ്രസിഡന്റ് നസീർ പുത്തൻപുരയ്ക്കൽ, ചന്ദ്രദാസ് പറമ്പിൽത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.