പാലത്തിന്റെ തൂണുകൾക്കുള്ളിൽനിന്ന് ആൽമരം

കാഞ്ഞിരപ്പള്ളി ∙ ടൗണിനു നടുവിൽ ദേശീയപാതയിലെ പാലത്തിന്റെ തൂണുകൾക്കുള്ളിൽനിന്ന് ആൽമരവും കാടും വളർന്നു വരുന്നത് അപകടഭീഷണി ഉയർത്തുന്നു. ചിറ്റാർ പുഴയ്ക്കു മീതെയുള്ള കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ പാലത്തിന്റെ തൂണുകളിലാണു മരങ്ങൾ വളർന്നിരിക്കുന്നത്.

മറ്റു മരങ്ങളിലും കെട്ടിടങ്ങൾക്കിടയിലുമൊക്കെ വളരുന്ന ഇനം മരങ്ങളും കാടുകളുമാണിവ. വർഷങ്ങൾ പഴക്കമുള്ള പാലത്തിന്റെ മൂന്നു തൂണുകളിലും മരവേരുകൾ ഇറങ്ങിയിരിക്കുന്നത് അപകടഭീഷണിയായി. ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണു പാലത്തിലൂടെ കടന്നുപോകുന്നത്. ശബരിമല സീസണിൽ ഇത് ഇരട്ടിയിലേറെയാണ്. പാലത്തിന്റെ ഇരുവശത്തും തൂണുകളിൽ മരശിഖരങ്ങൾ പടർന്നു പന്തലിച്ചിരിക്കുകയാണ്.

കരിങ്കല്ലുകൊണ്ടു നിർമിച്ചിരിക്കുന്ന തൂണുകളിലാണ് ആൽമരം അടക്കമുള്ള മരങ്ങൾ വളരുന്നത്. മരങ്ങൾ വളർന്നു വലുതാകുംതോറും തൂണുകൾക്കു ബലക്ഷയം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പാലത്തിന്റെ ഇരുവശങ്ങളിലേക്കും പുഴയ്ക്കു മീതെ കോൺക്രീറ്റ് ചെയ്ത് പാർക്കിങ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും നിർമിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നു തദ്ദേശഭരണ സ്ഥാപനങ്ങൾ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.