പാലായിൽ അദാലത്ത് നാളെ


പാലാ: റീസർവേയിലെ അപാകംമൂലം പുരയിടങ്ങൾ തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നൽകുന്നതിനായി റവന്യൂ വകുപ്പിന്റെ അദാലത്ത് വ്യാഴാഴ്ച നടക്കും. രാവിലെ 10 മുതൽ പാലാ കത്തീഡ്രൽ പള്ളി പാരീഷ് ഹാളിലാണ് അദാലത്ത്. റീ സർവേ നടപടികളെത്തുടർന്ന് തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ പുരയിടങ്ങളെ പുരയിടമായി പുനഃക്രമീകരിക്കും. പുരയിടമായി മാറ്റിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഉടമകൾക്കു നൽകും. ഇത് ബാങ്ക് ആവശ്യങ്ങൾക്കുൾപ്പെടെ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ സാധിക്കും. തുടർന്നു നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായ തിരുത്തലുകൾ വരുത്തി ബി.ടി.ആറിൽ ഉൾപ്പെടുത്തും.

4,740 അപേക്ഷ

മീനച്ചിൽ താലൂക്കിൽ പുരയിട തോട്ടമെന്ന് രേഖപ്പെടുത്തിയത് തിരുത്തി നൽകണമെന്നാവശ്യപ്പെട്ട് ഇതുവരെ 4,740 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1920 അപേക്ഷകളിൽ നേരത്തെതന്നെ തീർപ്പു കൽപ്പിച്ചിരുന്നു. 1,000 അപേക്ഷകളിൽ പരിശോധനകൾ പൂർത്തിയാക്കി പുരയിടമെന്ന് ഉത്തരവിറക്കുവാൻ സജ്ജമാക്കിയിട്ടുണ്ട്. അദാലത്തിൽ ഇത് വിതരണം ചെയ്യും. 1,380 അപേക്ഷകളിൽ സ്ഥലമുടമകളോട് കൂടുതൽ രേഖകൾ ഹാജരാക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അദാലത്തിലോ പിന്നീടുള്ള ദിവസങ്ങളിലോ ഇതു സംബന്ധിച്ച് രേഖകൾ ഹാജരാക്കുമ്പോൾ പുരയിടമെന്ന് രേഖപ്പെടുത്തി നൽകും. 440 അപേക്ഷകൾ സൂക്ഷ്മ പരിശോധനകൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഇവ സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ കൈവശമുള്ള പഴയതും പുതിയതുമായ രേഖകൾ പരിശോധിച്ചശേഷം തീർപ്പുകൽപ്പിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.

താലൂക്കിൽ പൂവരണി, തിടനാട്, കൊണ്ടൂർ, മീനച്ചിൽ വിേല്ലജുകളിലാണ് തോട്ടം -പുരയിടം വിഷയം സ്ഥലമുടമകളെ ബാധിച്ചിട്ടുള്ളത്. എന്നാൽ ഭൂപരിഷ്‌കരണ നിയമപ്രകാരം മിച്ചഭൂമിയുണ്ടായിരുന്നവർ തോട്ടമെന്ന് രേഖപ്പെടുത്തി ഭൂമി കൈവശം നിലനിർത്തിയിരുന്നത് വീണ്ടും പുരയിടമാക്കി മാറ്റുന്നതിനുള്ള അപേക്ഷയിൽ ഇപ്പോൾ നടപടിയെടുക്കില്ലെന്ന് റവന്യൂ അധികൃതർ പറഞ്ഞു. ഇത്തരത്തിലും ആയിരക്കണക്കിന് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച രേഖകൾ പരിശോധിച്ച് തോട്ടഭൂമിയാണെന്ന് ഉറപ്പുവരുത്തിയശേഷം മാറ്റി െവയ്ക്കുകയാണ്. ഇവ പുരയിടമാക്കി മാറ്റി നൽകണമെങ്കിൽ സർക്കാർ തലത്തിലുള്ള തീരുമാനം വേണമെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.