പാലാ-പൊന്‍കുന്നം-മുണ്ടക്കയം ചെയിന്‍ സര്‍വീസ് ഇന്നു മുതല്‍; തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന്

പൊന്‍കുന്നം: പാലാ, പൊന്‍കുന്നം കെ.എസ്.ആര്‍.ടി.സി.ഡിപ്പോകളുടെ അഭിമാനമായിരുന്ന ചെയിന്‍സര്‍വീസുകള്‍ ഇന്നു മുതല്‍ പുന:സ്ഥാപിക്കും. പാലാ-പൊന്‍കുന്നം-മുണ്ടക്കയം സര്‍വീസായിട്ടാണ് ഓടുന്നത്. ഇരു ഡിപ്പോകളില്‍ നിന്നുമായി ആറു വീതം ബസുകളാണ് ഇരുപതു മിനിട്ട് ഇടവിട്ട് ചെയിന്‍ സര്‍വീസ് നടത്തുന്നത്. രാവിലെ ആറിന് സര്‍വീസ് തുടങ്ങും.

ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി് കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം ചെയിന്‍സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്നലെ കോര്‍പ്പറേഷന്‍ എം.ഡി. രാജി വെച്ചതിനു തൊട്ടുപിന്നാലെയാണ് നേരത്തേ ആവശ്യപ്പെട്ടിരുന്ന പാലാ-മുണ്ടക്കയം ചെയിന്‍ സര്‍വീസിന് അനുമതി ലഭിച്ചത്.

ഒന്നര ഡ്യൂട്ടിയായി നിശ്ചയിച്ചിരിക്കുന്ന സര്‍വീസുകള്‍ രാത്രി എട്ടരയോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പാലാ-പൊന്‍കുന്നം റൂട്ടില്‍ നേരത്തെ ഇരുഡിപ്പോകളില്‍ നിന്നുമായി എട്ടു ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ അത് 12 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിലേറെയായ പി.പി.റോഡിലെ ചെയിന്‍ സര്‍വീസുകള്‍ കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയതിനെതിരേ സംയുക്ത തൊഴിലാളി യൂണിയനുകള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.