പാലാ-പൊന്‍കുന്നം റോഡ്‌ അപകട ഇടമാകുന്നു കൂരാലി മുതല്‍ രണ്ടാംമൈല്‍ വരെ


ഇളങ്ങുളം: പാലാ-പൊന്‍കുന്നം റോഡില്‍ നിരന്തരം അപകട ഇടമാകുന്നു കൂരാലി മുതല്‍ രണ്ടാംമൈല്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗം. ഹൈവേയായി നവീകരിച്ചതിനു ശേഷം രണ്ടുവര്‍ഷത്തിനിടെ അപകടങ്ങളില്‍ ഒന്‍പതുപേര്‍ ഇത്രയും ദൂരത്തിനുള്ളില്‍ മരിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ടാംമൈല്‍ കവലയില്‍ റോഡിന്‌ കുറുകെ കടന്ന സ്‌ത്രീ ലോറിയിടിച്ച്‌ മരിച്ചു.


ഇവിടം അപകട സാധ്യതയേറിയ പ്രദേശമാണെന്ന്‌ നാറ്റ്‌ പാക്‌ സംഘം നേരത്തെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ കെ.എസ്‌.ടി.പി.യാതൊരു മുന്‍കരുതല്‍ നടപടിയും എടുത്തില്ല. ഇളങ്ങുളം അമ്പലം കവലയ്‌ക്കും ഗുരുക്ഷേത്രത്തിനുമിടയിലുള്ള ഭാഗത്ത്‌ നിരന്തരം അപകടമാണ്‌. 
ഇവിടെ ചെറിയ വളവോടുകൂടിയുള്ള ഭാഗത്ത്‌ അമിതവേഗത്തിലെത്തുന്ന വാഹനങ്ങളാണ്‌ അപകടത്തില്‍ പെടുന്നത്‌. ഇവിടെ വേഗനിയന്ത്രണത്തിന്‌ ഒരുക്കങ്ങളില്ല. രണ്ടാംമൈല്‍ വരെയുള്ള ഭാഗത്തും വളവുകളേറെയാണ്‌. അമിതവേഗക്കാരെ കുടുക്കാന്‍ ക്യാമറ സ്‌ഥാപിക്കുന്നതിന്‌ ആലോചനയിട്ടെങ്കിലും ഇന്നേവരെ നടപടിയില്ല. വളവുകളില്‍ അമിതവേഗത്തില്‍ മറ്റുവാഹനങ്ങളെ മറികടക്കുന്നതും അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌.
ആദ്യഘട്ടത്തില്‍ നിശ്‌ചയിച്ച അലൈന്‍മെന്റില്‍ നിന്ന്‌ വ്യത്യസ്‌തമായാണ്‌ ചിലയിടങ്ങളില്‍ ഹൈവേ നിര്‍മാണം പൂര്‍ത്തീകരിച്ചത്‌. സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി വിട്ടുവീഴ്‌ച ചെയ്‌ത ഭാഗങ്ങളില്‍ റോഡിന്‌ വീതിയുണ്ടെങ്കിലും വശങ്ങള്‍ക്ക്‌ വീതികുറവാണ്‌. വഴിയാത്രക്കാരുടെ സുരക്ഷിതത്വത്തെയാണ്‌ ഇത്‌ ബാധിക്കുന്നത്‌. വളവുകള്‍ പലതും മുന്‍പത്തേതു പോലെ തന്നെ നിലനിന്നു.
തേഞ്ഞ ടയറുകളുമായി ഓടുന്ന വാഹനങ്ങളും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്‌. അമിതവേഗത്തിലെത്തി ബ്രേക്ക്‌ ചെയ്യുമ്പോള്‍ തെന്നിമറിഞ്ഞ നിരവധി ഉദാഹരണങ്ങളുണ്ടിവിടെ. ഇത്തരം വാഹനങ്ങള്‍ മറ്റ്‌ വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാണ്‌. സീബ്രാലൈനില്ലാത്തിടത്ത്‌ ശ്രദ്ധയില്ലാതെ കുറുകെ കടക്കുന്ന വഴിയാത്രക്കാര്‍ക്കും ശ്രദ്ധയേറെ വേണം.