പാഴ്‌വസ്തുക്കൾ കൊണ്ടൊരു സഹായം .. ചിറക്കടവ് ആറാം വാർഡിൽ പ്രവർത്തിക്കുന്ന ചൈതന്യ പുരുഷ സ്വാശ്രയസംഘം പ്രവർത്തക വ്യതസ്തമായ പദ്ധതി ആവിഷ്കരിക്കൂന്നു

കാഞ്ഞിരപ്പള്ളി∙ ഒഴിഞ്ഞ പ്‌ളാസ്‌റ്റിക് കുപ്പി, കേടായ സി.എഫ്.ലാംപ്, ഒടിഞ്ഞ കസേര, ഉപയോഗ ശൂന്യമായ ഇരുമ്പ് സാധനങ്ങൾ എന്തുമാകട്ടെ വലിച്ചെറിയുന്നതിനു പകരം സൂക്ഷിച്ചുവച്ചാൽ അത് പണമില്ലാത്തതിനാൽ പഠിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥിക്കൊ, മരുന്നിനായി ബുദ്ധിമുട്ടുന്ന രോഗികൾക്കോ സഹായമാകും. ഒപ്പം പരിസര ശുചിത്വം എന്ന ലക്ഷ്യവും.

ചിറക്കടവ് ആറാം വാർഡിൽ പ്രവർത്തിക്കുന്ന ചൈതന്യ പുരുഷ സ്വാശ്രയസംഘം പ്രവർത്തകരാണ് നിർധനരായ വിദ്യാർഥികളെയും രോഗികളെയും സഹായിക്കുന്നതിന് പാഴ് വസ്‌തുക്കൾ ശേഖരിക്കാനായി എത്തുന്നത്. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്‌ചകളിലാണ് സംഘം വീടുകളിലെത്തുന്നത്. പ്ലാസ്‌റ്റിക് കുപ്പി, കേടായ ഇലക്‌ട്രോണിക് ഉപകരണങ്ങൾ, പ്‌ളാസ്‌റ്റിക് കവറുകൾ തുടങ്ങിയ ഉപയോഗ ശൂന്യമായ വസ്‌തുക്കൾ സംഘാംഗങ്ങൾ ശേഖരിക്കും.

ഇതു വിറ്റുകിട്ടുന്ന പണം കൊണ്ട് നിർധനരായ വിദ്യാർഥികളെ സഹായിക്കാനാണു തീരുമാനം. നന്മയുടെ മാതൃക ഒരുക്കുന്നതിനൊപ്പം നാടിനെ പരിസരശുചീകരണത്തിലൂടെ രോഗവിമുക്‌തമാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പാഴ്‌വസ്‌തുക്കൾ സമാഹരിച്ച് ലഭിച്ച തുക ഉപയോഗിച്ച് കാഞ്ഞിരപ്പള്ളി ഗവ. എൽ. പി. സ്‌കൂളിലെയും ചിറക്കടവ് വി. എസ്. യു. പി. സ്‌കൂളിലെയും മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. വാർഡ് അംഗം സുബിതാ ബിനോയ് പഠനോപകരണ വിതരണം നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ. എൻ. സാബു, സെക്രട്ടറി എൻ. മണി എന്നിവരാണ് വേറിട്ട കർമപരിപാടിക്ക് നേതൃത്വം നൽകുന്നത്.