പിണറായി നേരിട്ട് എത്തി ഇടപെട്ടിട്ടും പി സി യുടെ അശ്വമേധം തടുക്കുവാനായില്ല …

ഈരാറ്റുപേട്ട∙ പൂഞ്ഞാർ മണ്ഡലത്തിൽ പിണറായി വിജയന് നേരിട്ട് എത്തി ഇടപെട്ടിട്ടും പി സി യുടെ അശ്വമേധം തടുക്കുവാനായില്ല … രാഷ്ട്രീയം നോക്കാതെ വോട്ടർമാർ പി.സി. ജോർജിനൊപ്പം നിന്നുവെന്നതാണു തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. പി.സി. ജോർജിനെതിരെ മൂന്നു മുന്നണികളും നടത്തിയ ആക്രമണങ്ങൾ ഏറ്റതുമില്ല. പി.സി.ജോർജിനുള്ള വ്യക്തിബന്ധങ്ങളും വോട്ടായി മാറി.

സിപിഎം നേതാവ് പിണറായി വിജയൻ പൂഞ്ഞാറിൽ നേരിട്ടെത്തി ജോർജിനെ തോൽപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഇടതു മുന്നണിയുടെ അണികൾ‌ ചെവിക്കൊണ്ടില്ല. പൂഞ്ഞാറിൽ എൽഡിഎഫിനും യുഡിഎഫിനും വൻതോതിൽ വോട്ടു ചോർച്ചയുണ്ടായി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായിരുന്ന 44105 വോട്ട് 22070 ആയി കുറഞ്ഞു.

22035 വോട്ടിന്റെ കുറവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിന്റെ പകുതിയേ കിട്ടിയുള്ളൂ. പി.സി.ജോർജിനു ലഭിച്ച ഭൂരിപക്ഷത്തിനെക്കാൾ 5751 വോട്ടിന്റെ കുറവാണ് എൽഡിഎഫിനു ലഭിച്ചത്. ബിജെപിയും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 2104 മാത്രം. യുഡിഎഫിന്റെ വോട്ടും ചോർന്നു. യുഡിഎഫിനു 2011ൽ 59809 വോട്ടുണ്ടായിരുന്നത് ഇത്തവണ 35800 ആയി താഴ്ന്നു.

24009 വോട്ടിന്റെ കുറവ്. എന്നാൽ എൻഡിഎ മുന്നണി വൻ മുന്നേറ്റമാണു നടത്തിയത്. 2011ൽ 5019 വോട്ടുണ്ടായിരുന്നത് 2016ൽ എത്തിയപ്പോൾ 19966 വോട്ടായി ഉയർന്നു. 14947 വോട്ടിന്റെ മുന്നേറ്റമാണു ബിജെപി ബിഡിജെഎസ് സഖ്യം പൂഞ്ഞാറിൽ നേടിയത്. 2015ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ യുഡിഎഫ് 43614 വോട്ടുകളും എൽഡിഎഫ് 40853 വോട്ടും നേടിയിരുന്നു.