പിണ്ണാക്കനാട് ടൗണിൽ വില്ലനായി മീഡിയൻ

പിണ്ണാക്കനാട്∙ കാഞ്ഞിരപ്പള്ളി റോഡിൽ പിണ്ണാക്കനാട് ടൗണിൽ പണി പൂർത്തിയാകാത്ത മീഡിയനിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇതിനോടകം അനേകം വാഹനങ്ങൾ മീഡിയനിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. പുതുക്കി നിർമിച്ച മീഡിയന് വേണ്ടത്ര ഉയരമില്ലാത്തതാണ് അപകടങ്ങൾക്കു പ്രധാന കാരണമാകുന്നത്. കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് വികസനത്തിന്റെ ഭാഗമായി പിണ്ണാക്കനാട് ടൗണിലുണ്ടായിരുന്ന മീഡിയനുകൾ മുൻപ് പൊളിച്ചുനീക്കി പുതിയതു നിർമിക്കുകയായിരുന്നു.

പിന്നീട് ടാറിങ് പൂർത്തിയാക്കിയെങ്കിലും മീഡിയന്റെ പണികൾ ബാക്കിനിൽക്കുകയാണ്. ടാറിങ് പൂർത്തിയായതോടെ മീഡിയന്റെ ഉയരം ഒരടിയിൽ താഴെ മാത്രമായി. വീതിയേറിയ മികച്ച റോഡിലൂടെ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായി. രാത്രികാലങ്ങളിലാണ് അപകടങ്ങളേറെയും നടക്കുന്നത്.

അടുത്തെത്തിയാൽ മാത്രമേ റോഡിനു നടുവിലെ മീഡിയൻ ഡ്രൈവർമാർക്കു വ്യക്തമാവുകയുള്ളൂ. മീഡിയന് പെയിന്റിങ് നടത്താത്തതിനാൽ ദൂരെ നിന്ന് ഇതു വ്യക്തവുമല്ല. റിഫ്ലക്ടറുകളുമില്ല. ഇരുഭാഗത്തും വളവുകളുള്ള പിണ്ണാക്കനാട് ടൗണിൽ വളവ് തിരിഞ്ഞ് വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് ഡിവൈഡർ പെട്ടെന്നു കാണാനാവില്ല. കഴിഞ്ഞ ദിവസവും ഇവിടെ കാർ അപകടത്തിൽപ്പെട്ടു. ഡിവൈഡറിൽ കയറി വാഹനത്തിന്റെ അടിഭാഗം തകർന്നു.

ഡിവൈഡർ ഉയർത്തുകയോ പെയിന്റ് ചെയ്ത് സൂചന നൽകുകയോ ചെയ്യണമെന്നു നാട്ടുകാർ കരാറുകാരോട് ആവശ്യപ്പെട്ടെങ്കിലും പണികൾ പൂർത്തിയായിട്ടില്ലെന്നാണു ലഭിച്ച മറുപടി. തീർഥാടന കാലം അവസാനിച്ചിട്ടില്ലാത്തതിനാൽ ഇതുവഴിയുള്ള വാഹന സഞ്ചാരം കൂടുതലാണ്. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.