പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ്: കാറിൽ എല്ലാവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി. ഗതാഗത സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇരു ചക്ര വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറുകളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കുന്നതാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡിജിപിക്കും ഗതാഗത കമ്മിഷണർക്കും ഗതാഗത സെക്രട്ടറി കത്ത് നൽകി.

ഇരുചക്ര വാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റും, കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നതാണെന്ന് സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കുന്നു.കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഈ വിധി ഫലപ്രദമായി നടപ്പാക്കുന്നതായി സെക്രട്ടറിയുടെ കത്തിൽ പരമാർശമുണ്ട്. സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളില്‍ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ഗതാഗത സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ഗതാഗതവകുപ്പ് കമ്മിഷണര്‍ ഉടനെ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് സൂചന.