പി.പി.റോഡിൽ വാൻ ഓട്ടോറിക്ഷയിലും വൈദ്യുതി പോസ്റ്റിലുമിടിച്ച് മറിഞ്ഞു


പൊൻകുന്നം: പി.പി.റോഡിൽ ഒന്നാംമൈലിനു സമീപം നിയന്ത്രണം വിട്ട വാൻ വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും വൈദ്യുതി പോസ്റ്റിലുമിടിച്ചു മറിഞ്ഞു. ജോജി കോഫി ഫാക്ടറിയുടെ മതിലും തകർത്തു. വാഹനം ഓടിച്ചിരുന്ന പെരുമ്പാവൂർ പുളിയൻ തുടിയിൽ ബാദിർഷാ(32) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുമ്പാവൂരിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് ടെലിവിഷനുകൾ കയറ്റിവന്നതാണ് വാൻ.

ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായി തകർന്നു. തുടർച്ചയായി മൂന്നാംദിവസമാണ് പി.പി.റോഡിൽ അപകടങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം ഇളങ്ങുളം ഗുരുക്ഷേത്രത്തിന് സമീപം കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. പനമറ്റം നാലാംമൈൽ കവലയിൽ വഴിയോരത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യബസ്സിൽ മിനിലോറിയിടിച്ച് അപകടമുണ്ടായിരുന്നു.