പി സി ജോര്‍ജ് പ്രശ്നം : കേരള കോണ്‍ഗ്രസ്‌ ( മാണി ) പിളർപ്പിലേക്ക്

pc-and-mani2

കേരള കോണ്‍ഗ്രസി(എം)ലെ കടുത്ത ഭിന്നത മറനീക്കി പുറത്തുവരുന്നു. തിരുവനന്തപുരം അധ്യാപക ഭവനില്‍ ചേരാനിരുന്ന കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മറ്റിയോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നു. ജോസഫ് വിഭാഗം പി ജെ ജോസഫിന്റെ വസതിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഇതോടെ സ്റ്റിയറിംഗ് കമ്മറ്റി യോഗം മാറ്റിവെച്ചു.

പാര്‍ട്ടി ഉന്നതാധികാരസമിതിയാണ് ആദ്യം ചേരേണ്ടതെന്നും അതുകഴിഞ്ഞ് മതി സ്റ്റിയറിംഗ് കമ്മറ്റി കൂടുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പി സി ജോര്‍ജ് ഇരിക്കുന്ന കമ്മറ്റിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ജോര്‍ജിനെ നിലയ്ക്ക് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം യോഗം ബഹിഷ്കരിച്ചത്.

ജോര്‍ജ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്നും നേതാക്കളെ പരസ്യമായി ആക്ഷേപിക്കുകയാണെന്നും ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടു മതി യോഗമെന്നുമായിരുന്നു ജോസഫ് വിഭാഗം നേതാക്കളുടെ പൊതുവികാരം. ഫ്രാന്‍സിസ് ജോര്‍ജിനെതിരേ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. അതേസമയം പ്രശ്നങ്ങള്‍ കെ എം മാണി പരിഹരിക്കുമെന്ന് പാര്‍ട്ടി നേതാവ് വിക്ടര്‍ ടി തോമസ് പറഞ്ഞു.