പി.സി. ജോർജിനു പത്തനംതിട്ടയിലെ പ്രചരണത്തിൽ എന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കിൽ നേരത്തെ പറയണമായിരുന്നു :- വി.എം.സുധീരൻ

പത്തനംതിട്ടയിലെ പ്രചരണത്തിൽ എന്തെങ്കിലും പരാതി ചീഫ് വിപ്പ് പി.സി. ജോർജിനുണ്ടായിരുന്നെങ്കിൽ അപ്പോൾതന്നെ ഉന്നയിച്ച് പരിഹരിക്കാമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അനാവശ്യമായ വാദപ്രതിവാദങ്ങളുടെ പിറകെ പോകാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറ‌ഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങൾ ഫലത്തെ ബാധിക്കുമെന്ന് ജോർജ് പറയുന്നുണ്ടെങ്കിൽ ഫലം വരുന്നതുവരെ കാത്തിരിക്കാമെന്ന് സുധീരൻ പറഞ്ഞു. അതിനുശേഷം ആരോപണങ്ങൾ പരിശോധിക്കാം.

പത്തനംതിട്ട പൂർണമായും യു.ഡി.എഫിന് വിജയസാദ്ധ്യതയുള്ള മണ്ഡലമാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വിജയസാദ്ധ്യതയുണ്ട്. മഹാഭൂരിപക്ഷം സീറ്റുകളിലും മികച്ച വിജയം നേടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ, കാസർകോട് എന്നീ മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ സി.പി.എം വ്യാപകമായ അക്രമം അഴിച്ചുവിട്ടുവെന്ന് സുധീരൻ ആരോപിച്ചു. അക്രമ രാഷ്ട്രീയത്തെ ജനങ്ങൾ വെറുക്കുന്നുവെങ്കിലും സിപിഎം ഇതുവരെ അത് ഉപേക്ഷിച്ചിട്ടില്ല. ബുത്തുകളിൽ നടന്ന അക്രമത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.