പി.സി.ജോർജ് ബിജെപി പാളയത്തിൽ….

കാഞ്ഞിരപ്പള്ളി : മുന്നണി വണ്ടികളിൽ മാറി മാറി യാത്ര ചെയ്ത പി.സി. ജോർജ് പുതിയ വഴി തേടി ബിജെപി വണ്ടിയിലേക്ക്. പി.സി. ജോർജിനെ ബിജെപിയിലേക്ക് അടുപ്പിച്ചത് ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടൽ‌. ബിജെപിയുടെ ഒ.രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ചു പി.സി. ജോർജും നിയമസഭയിൽ എത്തിയതോടെ ചിത്രം കൂടുതൽ വ്യക്തമായി.

ഒരുമിച്ചു നിന്നാൽ ഇരുകൂട്ടർക്കും ഗുണമുണ്ടെന്നു ബിജെപിയും പി.സി. ജോർജും കരുതുന്നു. ശബരിമല യുവതീപ്രവേശത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കാൻ പി.സി. ജോർജ് തീരുമാനിച്ചപ്പോൾ ഭാവി സഖ്യകക്ഷിയെ ബിജെപി കണ്ടെത്തി. ശബരിമല പ്രശ്നത്തിൽ സർക്കാരിനെതിരെ വിവിധ സ്ഥലങ്ങളിൽ സമരം നടത്തിയെങ്കിലും നിയമസഭയിലെ ശക്തിക്ക് ഒ. രാജഗോപാലിന്റെ ശബ്ദം മാത്രം പോരാ എന്നും ബിജെപി തിരിച്ചറിഞ്ഞു.

ഇതോടെയാണ് രണ്ടു പ്രമുഖ ആർഎസ്എസ് നേതാക്കൾ പി.സി. ജോർജുമായി ചർച്ച നടത്തിയതും നിയമസഭയിൽ ഒരുമിച്ചു നിൽക്കാനുള്ള ധാരണയിൽ എത്തിയതും. ജനപക്ഷം സംസ്ഥാന നിർവാഹക സമിതി ഇന്നലെ യോഗം ചേർന്ന് വിജയ സാധ്യതയുള്ള ലോക്സഭാ സീറ്റ് കണ്ടെത്താൻ സമിതിയെ നിയോഗിച്ചു.

ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ സീറ്റിൽ ജോർജിന്റെ മകനും യുവജനപക്ഷം നേതാവുമായ ഷോൺ ജോർജിനെ മൽ‌സരിപ്പിക്കുമെന്ന് പ്രചാരണമുണ്ട്. എന്നാൽ ബിജെപി പെട്ടെന്നു തയ്യാറാവില്ലെന്നും കരുതുന്നവരുണ്ട്. കേരളത്തിൽ ബിജെപി ശ്രദ്ധിക്കുന്ന ഏഴു ലോക്സഭാ സീറ്റുകളിൽ ഒന്നാം സ്ഥാനത്തുള്ളത് പത്തനംതിട്ടയാണ്. അൽഫോൻസ് കണ്ണന്താനം, എം.ടി. രമേശ്, ബി. രാധാകൃഷ്ണ മേനോൻ കെ. സുരേന്ദ്രൻ എന്നിവരുടെ പേര് ആലോചനയിലുണ്ട്.

ജനപക്ഷം തീരുമാനം തദ്ദേശ സ്ഥാപനങ്ങളിലെ സമവാക്യം മാറ്റും

പി.സി ജോർജിന്റെ പുതിയ തീരുമാനം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ സമവാക്യം മാറ്റും. 9 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ജനപക്ഷത്തിന് 24 അംഗങ്ങളുണ്ട്. ഇതിൽ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിൽ എൽഡിഎഫിനൊപ്പവും തിടനാട്ടിൽ യുഡിഎഫിനൊപ്പവുമാണ് ജനപക്ഷം നിന്നത്.

പ്രാദേശിക തർക്കത്തിന്റെ പേരിൽ സിപിഎമ്മും ജനപക്ഷവും തമ്മിൽ അകൽച്ച നേരത്തെ തുടങ്ങിയിരുന്നു. പൂഞ്ഞാറിൽ സിപിഎം പ്രസിഡന്റും ജനപക്ഷം വൈസ് പ്രസി‍ഡന്റുമാണ്. കഴിഞ്ഞയാഴ്ച വൈസ് പ്രസിഡന്റിനെ രാജി വയ്പ്പിച്ച ജനപക്ഷം കോൺഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയോടെ മറ്റൊരാളെ വൈസ് പ്രസിഡന്റാക്കി. പ്രസിഡന്റിനെതിരെ ബിജെപിയും ജനപക്ഷവും അവിശ്വാസത്തിനു നോട്ടീസ് നൽകിയിട്ടുമുണ്ട്.

പൂഞ്ഞാർ തെക്കേക്കരയിൽ ജനപക്ഷത്തിനാണു പ്രസിഡന്റ് സ്ഥാനം. ഇവിടെ സിപിഎം വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിനു നോട്ടീസ് നൽകി. എൽഡിഎഫ് ഭരിക്കുന്ന തലനാട്ടിൽ ജനപക്ഷത്തിനാണു വൈസ് പ്രസിഡന്റ് സ്ഥാനം. ഇവിടെ എൽഡിഎഫിന് ഭരണം നിലനിർത്താൻ ജനപക്ഷത്തിന്റെ സഹായം വേണ്ട. സിപിഎമ്മിനു വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു ജനപക്ഷത്തെ ഒഴിവാക്കാം. പൂഞ്ഞാറിലും തിടനാട്ടിലും ബിജെപിക്ക് അംഗങ്ങൾ ഉണ്ടെങ്കിലും പദവി സംബന്ധിച്ചു ധാരണ ആയിട്ടില്ല.

നിയമസഭയിൽ ബിജെപിയുമായി സഹകരണം: പി. സി. ജോർജ്

അടുത്ത തിരഞ്ഞെടുപ്പിൽ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാൻ ജനപക്ഷം സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചു. വിജയ സാധ്യതയുള്ള ലോകസഭാ മണ്ഡലങ്ങൾ കണ്ടെത്താൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.

നിയമസഭയിൽ ബിജെപി നേതാവ് ഒ. രാജഗോപാലുമായി വിഷയാധിഷ്ഠിതമായി സഹകരിക്കും. ആചാരവിരുദ്ധ നിലപാടുകളെടുക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ സമരം നടത്താനും തീരുമാനിച്ചതായി ചെയർമാൻ പി.സി. ജോർജ് എംഎൽഎ അറിയിച്ചു.