പുണ്യം പൂങ്കാവനം: വിദേശികൾ പറഞ്ഞു, ഹായ് !

എരുമേലി∙ ശബരിമലയിലും എരുമേലിയിലും നടപ്പാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചത് അണിയറ പ്രവർത്തകർക്കു കൂടുതൽ ഊർജമായി. പുണ്യം പൂങ്കാവനം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലേക്ക് ഒരെത്തിനോട്ടം:

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിൽനിന്നുള്ള സംഘം എരുമേലി കാണാനെത്തി. പേട്ടതുള്ളൽ കണ്ട് നടക്കുമ്പോൾ, വലിയമ്പലം നടപ്പന്തലിൽ ക്രമസമാധാനപാലനം നടത്തേണ്ട പൊലീസുകാർ ചുറ്റുവട്ടം ശുചീകരിക്കുന്ന കാഴ്ചയാണു കണ്ടത്. പൊലീസിനും ശുചീകരണത്തിൽ പങ്കെടുത്തവർ‍ക്കും നല്ലൊരു സല്യൂട്ട് കൊടുത്താണു വിദേശികൾ പോയത്.

മുൻവർഷങ്ങളിൽ എരുമേലിയിൽ സീസൺതുടക്കത്തിൽത്തന്നെ മലിനീകരണം രൂക്ഷമായിരുന്നു. ആരോഗ്യവകുപ്പിനു കീഴിലുള്ള 125 വിശുദ്ധി സേനാംഗങ്ങൾക്കു ശുചീകരിക്കാനാവുന്നതിനപ്പുറമായിരുന്നു അത്. ശബരിമലയുടെ മാതൃകയിൽ എരുമേലിയിലും പുണ്യം പൂങ്കാവനം ഇക്കൊല്ലം നടപ്പാക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്.

ഇതിനകം എരുമേലി എംഇഎസ് കോളജ്, എരുമേലി സെന്റ് തോമസ്, വെൺകുറിഞ്ഞി എസ്എൻഡിപി, കണമല സാൻതോം, ഉമിക്കുപ്പ സെന്റ് മേരീസ് സ്കൂളുകൾ, വ്യാപാരികൾ, എക്സ് സർവീസ് മെൻ, ലീഗൽ സർവീസ് സൊസൈറ്റി, കുടുംബശ്രീകൾ, ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നിവരെല്ലാം ശുചീകണത്തിൽ പങ്കാളികളായി.

തീർഥാടകരാണു മൈക്കിലൂടെ അനൗൺസ്മെന്റ് നടത്തി ശുചിത്വ ബോധവൽക്കരണം നടത്തുന്നത്. സപ്ത കർമ എന്ന പേരിൽ ശുചീകരണവുമായി ബന്ധപ്പെട്ടു ചെയ്യേണ്ട ഏഴുകാര്യങ്ങളും മൈക്കിലൂടെ വിളിച്ചുപറയുന്നു. ലഘുലേഖ വിതരണവുമുണ്ട്.എഎസ്പി അശോക് കുമാറാണു പദ്ധതിയുടെ നോഡൽ ഓഫിസർ.

ജില്ലാ പൊലീസ് ചീഫ് മുഹമ്മദ് റഫീക്, എരുമേലി സ്പെഷൽ ഓഫിസർ കൂടിയായ ക്രൈംബ്രാഞ്ച് എസ്പി ജേക്കബ് ജോബ്, ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, സിഐ ടി.ഡി.സുനിൽകുമാർ, എസ്ഐ മനോജ് മാത്യു എന്നിവരാണു പദ്ധതിക്കു നേതൃത്വം നൽകുന്നത്.

‘മൻ കി ബാത്ത്’ പരിപാടിയിലായിരുന്നു അഭിനന്ദനം ; ഐജി വിജയന്റെ പേരു പറഞ്ഞ് പ്രധാനമന്ത്രി

ശബരിമലയിൽ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയായ ‘പുണ്യം പൂങ്കാവന’ത്തെ പ്രശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്ത് പരിപാടിയിലാണു ഐജി പി.വിജയന്റെ പേരെടുത്തു പറഞ്ഞു പ്രധാനമന്ത്രി അഭിനന്ദിച്ചത്. ജനപങ്കാളിത്തത്തിലൂടെ ശുചിത്വം ശീലമായും സംസ്കാരമായും മാറ്റാൻ കഴിയുമെന്നതിന് ഉദാഹരണമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

‘പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളെക്കുറിച്ചു പറയുമ്പോൾ സ്വാഭാവികമായും ശബരിമലയെക്കുറിച്ചു സൂചിപ്പിക്കേണ്ടി വരും. ദശലക്ഷക്കണക്കിനു ഭക്തരാണ് അയ്യപ്പന്റെ അനുഗ്രഹം തേടി വിശ്വപ്രസിദ്ധമായ ഈ ക്ഷേത്രത്തിലെത്തുന്നത്. വനമധ്യത്തിലുള്ള ക്ഷേത്രത്തിലെ ശുചിത്വം കാത്തുസൂക്ഷിക്കുക വലിയ വെല്ലുവിളിയാണ്.

തീർഥാടകരെ ശുചിത്വത്തെക്കുറിച്ചു ബോധവൽക്കരിക്കാൻ പി.വിജയൻ എന്ന പൊലീസ് ഓഫിസറാണു പുണ്യം പൂങ്കാവനം പരിപാടിക്കു തുടക്കമിട്ടത്. സമൂഹത്തിലെ ഉന്നതരും സാധാരണക്കാരുമായ ഭക്തർ ഒരുപോലെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുഎന്നതാണു പദ്ധതിയുടെ സവിശേഷത’– നരേന്ദ്ര മോദി പറഞ്ഞു.

എന്താണ് പുണ്യം പൂങ്കാവനം പദ്ധതി?

ശബരിമലയിൽ ശുചിത്വം കാത്തുസൂക്ഷിക്കാൻ 2011ൽ തുടങ്ങി. പൊലീസ്, ദേവസ്വം, ആരോഗ്യം, അഗ്നിശമനസേന, അയ്യപ്പസേവാ സംഘം, അയ്യപ്പസേവാ സമാജം, അയ്യപ്പഭക്തർ എന്നിവരുടെ കൂട്ടായ്മ. പ്ലാസ്റ്റിക് , മാലിന്യം എന്നിവയ്ക്കെതിരെ കൂട്ടായ ബോധവൽക്കരണവും ശുചീകരണവും തുടരുന്നു. ഇതിനായി കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലും പുണ്യം പൂങ്കാവനം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.