പുരയിടം- തോട്ടം വിഷയം: കര്‍ഷക പ്രക്ഷോഭം ആരംഭിക്കും

കാഞ്ഞിരപ്പള്ളി: കേരളത്തിലെ 12 വില്ലേജുകളില്‍ മാത്രമായി പുരയിടം തോട്ടമായി മാറിയതില്‍ ദുരൂഹതയുണ്ടെന്നും പുരയിടങ്ങള്‍ തോട്ടമായ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ശക്‌തമായ കര്‍ഷക പ്രക്ഷോഭം ആരംഭിക്കുമെന്നും ഇന്‍ഫാം. പാലായില്‍ ആയിരക്കണക്കിന്‌ കര്‍ഷകരെ പങ്കെടുപ്പിച്ചു നടത്തിയ സമ്മേളനം കര്‍ഷക പ്രക്ഷോഭങ്ങളുടെ ഒരു മുന്നറിയിപ്പും തുടക്കവുമാണ്‌. പുരയിടം തോട്ടം വിഷയത്തില്‍ നിയമസഭയില്‍ രണ്ട്‌ എം. എല്‍. എമാര്‍ 2018 ല്‍ സബ്‌മിഷന്‍ ഉന്നയിച്ചു. നടപടികളുണ്ടാകുമെന്ന്‌ റവന്യു മന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. പക്ഷേ ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, ഇപ്പോഴും പുരയിടം തോട്ടമായിട്ട്‌ തുടരുന്നു.

പ്രഖ്യാപനങ്ങളും സബ്‌മിഷനുകളും മന്ത്രിയുടെ മറുപടിയുമല്ല. തെറ്റുതിരുത്തല്‍ നടപടികളാണ്‌ കര്‍ഷകര്‍ക്കു വേണ്ടത.്‌ അടിസ്‌ഥാന നികുതി രജിസ്‌റ്ററില്‍ (ബി. ടി. ആര്‍.) ക്രമക്കേടുകാണിച്ചവര്‍ തെറ്റുതിരുത്താന്‍ തയ്യാറാകണം. പണച്ചെലവും സമയനഷ്‌ടവും മാനഹാനിയും സഹിച്ച്‌ കര്‍ഷകരെ വില്ലേജ്‌, താലൂക്ക്‌, കളക്‌ട്രേറ്റ്‌, സെക്രട്ടറിയേറ്റ്‌ ഓഫീസുകളിലേയ്‌ക്ക്‌ നിരന്തരം കയറിയിറങ്ങാന്‍ വിടുന്നത്‌ ശരിയല്ല.
ഈ പ്രശ്‌നത്തിന്റെ പേരില്‍ കാലങ്ങളായി സര്‍ക്കാരിന്റെ പടിവാതില്‍ക്കല്‍ വന്ന്‌ കര്‍ഷകര്‍ കെഞ്ചുകയാണ്‌. തോട്ടം എന്നത്‌ തിരുത്തി പുരയിടം പുനഃസ്‌ഥാപിക്കുന്നില്ലെങ്കില്‍ വരും നാളുകളില്‍ പ്രശ്‌നബാധിതമായ 12 വില്ലേജുകളിലേയ്‌ക്കും കര്‍ഷകപ്രക്ഷോഭം വ്യാപിപ്പിക്കും. രാഷ്ര്‌ടീയ മത സമുദായ ചിന്തകള്‍ക്കതീതമായി ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ പങ്കുചേരണം. ഇതിനോടകം 83 കര്‍ഷകര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടു. 37 കര്‍ഷകര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കടക്കെണിയിലും ഉദ്യോഗസ്‌ഥ പീഡനത്തിലും ആത്മഹത്യ ചെയ്‌തതായും ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി വി.സി. സെബാസ്‌റ്റ്യന്‍ അറിയിച്ചു.