പുരയിടങ്ങൾ തോട്ടമെന്ന് രേഖപ്പെടുത്തിയത് തിരുത്താൻ നടപടി

റീസർവേയിലെ അപാകത മൂലം പുരയിടങ്ങൾ തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നൽകാൻ നടപടി തുടങ്ങി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് റീസർവേയിൽ അപാകത സംഭവിച്ചത്. മീനച്ചിൽ താലൂക്കിൽ തിരുത്തൽ നടപടികൾക്കായി തഹസിൽദാർ ഓഫിസിൽ പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ട്. ഭൂരേഖാ തഹസിൽദാർക്കാണ് തിരുത്തൽ നടപടികളുടെ ചുമതല. 1970 വരെയുള്ള ഭൂമിയുടെ രേഖകൾ പരിശോധിച്ചാണ് പുരയിടമോ തോട്ടമോ എന്ന് നിശ്ചയിക്കുന്നത്.

1970കളിലാണ് റീസർവേ നടന്നത്. അന്നു റബർ കൃഷി നടന്ന സ്ഥലങ്ങളെല്ലാം തോട്ടമെന്ന് സർവേ ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയതാണ് സ്ഥലമുടമകൾക്കു വിനയായത്. മുൻപ് റവന്യു അധികൃതർക്ക് അപേക്ഷ നൽകി തിരുത്തി വാങ്ങാൻ സാധിക്കുമായിരുന്നു. എന്നാൽ 2 വർഷം മുൻപ് ഭൂമി ഇത്തരത്തിൽ തിരുത്തി നൽകുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് സ്ഥലമുടമകൾ പ്രതിസന്ധിയിലായത്.

‌സർവേക്കു മുൻപ് പുരയിടങ്ങളെന്ന് രേഖകളുള്ള സ്ഥലങ്ങളാണ് തോട്ടമെന്നു തെറ്റായി രേഖപ്പെടുത്തിയത്. തോട്ടഭൂമിയല്ലെന്ന് തിരുവനന്തപുരത്തെ സർവേയർ ഓഫിസിൽ നിന്നു നൽകിയ രേഖകളുമായി എത്തിയാലും റവന്യു അധികൃതർ നടപടി സ്വീകരിക്കാതായതോടെ പ്രതിഷേധമുയർന്നു. ജനപ്രതിനിധികൾ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അദാലത്തുകൾ തുടങ്ങി. എന്നാൽ കഴിഞ്ഞ പ്രളയത്തിനുശേഷം തിരുത്തൽ നടപടികൾ മുടങ്ങുകയായിരുന്നു. ഇതാണ് പുനരാരംഭിച്ചത്.

തിരുത്തി ലഭിക്കുന്നതിന് 1970നു മുൻപുള്ള രേഖകൾ സഹിതം തഹസിൽദാർക്ക് അപേക്ഷ നൽകണം. ഇതു സംബന്ധിച്ചു വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് പരിശോധിച്ചശേഷം തെറ്റ് തിരുത്തി നൽകും. വില്ലേജ് ഓഫിസർക്ക് അപേക്ഷ നൽകി റിപ്പോർട്ട് ലഭിച്ച ശേഷവും തഹസിൽദാർക്ക് അപേക്ഷ നൽകാം. കൊണ്ടൂർ വില്ലേജിലെ 75 % സ്ഥലങ്ങളും ഇത്തരത്തിൽ തോട്ടമെന്നു രേഖപ്പെടുത്തിയതാണ്. 2000ൽ അധികം അപേക്ഷകൾ നിലവിൽ മീനച്ചിൽ താലൂക്കിൽ പരിഗണനയിലുണ്ട്. അഞ്ഞൂറിലേറെ ആളുകൾക്ക് തിരുത്തി നൽകിയിട്ടുണ്ട്.

വീടുകളും കെട്ടിടങ്ങളും നിർമിച്ചിട്ടു മാസങ്ങളായിട്ടും പഞ്ചായത്തിൽനിന്ന് അനുമതി ലഭിക്കാത്തതിനാൽ ഉയർന്ന തുകയ്ക്കുള്ള വൈദ്യുതി ചാർജ് അടയ്‌ക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. സ്ഥലങ്ങൾ മുറിച്ചു വിൽക്കാൻ സാധിക്കുന്നില്ല.

കെട്ടിടങ്ങൾ നിർമിക്കാനോ മറ്റ് ആവശ്യങ്ങൾക്കു വിനിയോഗിക്കാനോ സാധ്യമല്ല. ഈ സ്ഥലങ്ങളിൽ നിർമിച്ചിട്ടുള്ള വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് പഞ്ചായത്ത് അനുമതി നൽകുന്നില്ല. തലമുറകളായി താമസിച്ചു വന്നിരുന്ന ഭൂമിയിലാണ് വീടു നിർമിക്കാൻ സാധിക്കാത്തത്. തിരുത്തൽ നടപടികൾ പുരോഗമിക്കുമ്പോൾ സാഹചര്യങ്ങൾക്കു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ