പുഴകൾ നിറഞ്ഞുകവിഞ്ഞു

എരുമേലി∙ കനത്ത മഴയിൽ പമ്പ, മണിമല, അഴുതയാറുകൾ നിറഞ്ഞു കവിഞ്ഞു. പലയിടത്തും മണ്ണിടിച്ചിൽ വ്യാപകമായി. ബസ് സ്റ്റാൻഡുകളിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നു. കോസ്‌വേകൾക്കു മുകളിലൂടെ വെള്ളം ഒഴുകുന്നതു മൂലം യാത്ര തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി തീരങ്ങൾ കവർന്നാണ് നദികൾ ഒഴുകുന്നത്. അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ്‌വേകൾ വെള്ളത്തിനടിയിലായതോടെ എരുമേലിയിലെത്താൻ കഴിയാതെ ക്ലേശിക്കുകയാണ് വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർ.

ഇന്നലെ പുലർച്ചെ വനത്തിൽ നിന്ന് ഒഴുകിയെത്തിയ ഭീമൻ തടി കുരുമ്പൻമൂഴി കോസ്‌വേയിലേക്ക് ഇടിച്ചു കയറി. അഗ്നിശമനസേന എത്തിയാണ് മരം നീക്കിയത്. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ നിറഞ്ഞ വെള്ളക്കെട്ട് വ്യാപാര സമുച്ചയത്തിലെ കടകളിലേക്കും കയറി. കെഎസ്ആർടിസി ഡിപ്പോയിലേക്കു തിരിയുന്ന കവലയിലും വെള്ളം കെട്ടിക്കിടക്കുകയാണ്. മുക്കൂട്ടുതറ തിയറ്റർ പടി മുതൽ റോഡിലൂടെ ശക്തമായി ഒഴുകുന്ന ഉറവ ദുരിതമുണ്ടാക്കുകയാണ്.