പുഴയെ ഒഴുകാൻ അനുവദിച്ചു; വെള്ളപ്പൊക്കം ഇത്തവണ മാറിനിന്നു

കാഞ്ഞിരപ്പള്ളി: ചിറ്റാർപുഴയിലെയും കൈത്തോടുകളിലേയും മാലിന്യംനീക്കി ആഴംകൂട്ടിയത് തുണയായി. ഇത്തവണത്തെ കനത്തമഴയിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പ്രദേശങ്ങളിൽ വെള്ളം കയറിയില്ല. മഴക്കാലത്ത് എല്ലാവർഷവും വെള്ളം കയറി ഗതാഗതം മുടങ്ങിയിരുന്ന കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലെ ആനക്കല്ല് ഭാഗം, വളവുകയത്തെ പാലം, പഴയപള്ളി ഭാഗത്തെ ചിറ്റാർ പുഴയോരം എന്നിവിടങ്ങളാണ് ഇത്തവണ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞവർഷം ഈ പ്രദേശത്ത് ആദ്യത്തെമഴയിൽ തന്നെ വെള്ളം കയറിയിരുന്നു.

ഇത്തവണ തോടും പുഴയും നിറഞ്ഞൊഴുകിയതല്ലാതെ റോഡിലേക്കും മറ്റും വെള്ളം കയറിയില്ല. ചിറ്റാർ പുനർജനി പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷനും ചേർന്ന് പുഴയും കൈത്തോടുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു.