പൂഞ്ഞാറിൽ സിപിഎം– ജനപക്ഷം സൗഹൃദം ആടിയുലയുന്നു

പൂഞ്ഞാർ∙ ശബരിമല യുവതീപ്രവേശത്തിന്റെ പേരിൽ സിപിഎമ്മും ജനപക്ഷവും തമ്മിൽ തർക്കം. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം സംബന്ധിച്ചു സിപിഎമ്മുമായുള്ള ധാരണയിൽ നിന്നു ജനപക്ഷം പിന്മാറുന്നു. പാർട്ടി നിർദേശ പ്രകാരം പൂഞ്ഞാർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലിസമ്മ സണ്ണി രാജിവച്ചു. തെക്കേക്കര പഞ്ചായത്തിലും സിപിഎം പിന്തുണ ഒഴിവാക്കുമെന്നു ജനപക്ഷം ചെയർമാൻ പി.സി.ജോർജ് പറഞ്ഞു.

പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തുകൾ സിപിഎം–ജനപക്ഷം ധാരണയിലാണു ഭരിക്കുന്നത്. പൂഞ്ഞാറിൽ മൂന്നു വർഷം കഴിയുമ്പോൾ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം ജനപക്ഷത്തിനു നൽകാമെന്നാണു ധാരണ. എന്നാൽ ശബരിമല യുവതീപ്രവേശം സംബന്ധിച്ച് ഇരു പാർട്ടികളും തമ്മിൽ അസ്വാരസ്യം രൂപപ്പെട്ടിരുന്നു. പൂഞ്ഞാറിൽ വൈസ് പ്രസിഡന്റു സ്ഥാനം രാജിവച്ച ജനപക്ഷം സിപിഎമ്മിന്റെ പ്രസിഡന്റ് രമേശ് ബി. വെട്ടിമറ്റത്തിനുള്ള പിന്തുണ പിൻവലിച്ചു.

പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാനാണു ജനപക്ഷം നീക്കം. മൂന്നു വർഷം കഴിയുമ്പോൾ പ്രസിഡ‍ന്റു സ്ഥാനം ജനപക്ഷത്തിനു നൽകേണ്ടെന്നു സിപിഎം ജില്ലാ കമ്മിറ്റി തീരുമാനം എടുത്തിരുന്നു. പ്രസിഡന്റു സ്ഥാനം പങ്കു വയ്ക്കുന്നതു സംബന്ധിച്ചു ധാരണ ഇല്ലെന്നു സിപിഎം നേതാക്കൾ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം അഞ്ചു വർഷം സിപിഎമ്മിനും വൈസ്പ്രസിഡന്റു സ്ഥാനം ജനപക്ഷത്തിനുമെന്നാണു ധാരണയെന്നും പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി.വെട്ടിമറ്റം പറഞ്ഞു.

യുഡിഎഫിനൊപ്പം ജനപക്ഷം ഭരിക്കുന്ന പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിനെതിരെ ഇടതുപക്ഷം സമരത്തിലാണ്. കോൺഗ്രസ് മൂന്ന്, ജനപക്ഷം മൂന്ന്, എൽഡിഎഫ് അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെയാണ് പൂഞ്ഞാറിലെ കക്ഷി നില. സ്ത്രീ വിരുദ്ധ നിലപാട് എടുക്കുന്ന ജനപക്ഷവുമായി ബന്ധം വേണ്ടെന്നു സിപിഎം തീരുമാനിച്ചതായി സിപിഎം ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പറഞ്ഞു