പൂഞ്ഞാർ മണ്ഡലം ആന്റോ ആന്റണിയെ കാലു വാരിയപ്പോൾ കാഞ്ഞിരപ്പള്ളി മണ്ഡലം കൈ പിടിച്ചു ഉയർത്തി ..

Anto-antony-web-1

കാഞ്ഞിരപ്പള്ളി: അടിയൊഴുക്കുകളിലും പൂഞ്ഞാറിന്റെ മണ്ണില്‍ അജയ്യനായി ആന്റൊ ആന്റണി.

വലത്‌പക്ഷത്തിന്റെ കോട്ടയായ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക്‌ ഇത്തവണ കാലിടറുമെന്ന്‌ പ്രവചനം നടത്തിയവര്‍ പൂഞ്ഞാറില്‍ കാലുവാരല്‍ നടക്കാമെന്നും മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

മണ്ഡലത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ്ങ്‌ ശതമാനവും, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമെല്ലാം തലവേദന സൃഷ്‌ടിച്ചിരുന്ന സ്വന്തം തട്ടകത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജും ആന്റോ ആന്റണിയും കാലുവാരലിന്റെ പേരില്‍ വോട്ടെടുപ്പ്‌ ദിനത്തിന്‌ പിറ്റേന്ന്‌ കൊമ്പുകോര്‍ത്തതോടെ രാഷ്ര്‌ടീയ കേരളത്തിന്റെ ശ്രദ്ധയും ആറന്‍മുളയ്‌ക്കൊപ്പം പൂഞ്ഞാറിലുമെത്തി.

സ്വന്തം തട്ടകത്തില്‍ ഭീഷണി മുഴക്കിയവര്‍ പറഞ്ഞത്‌ വിടുവായല്ലെന്ന്‌ ബൂത്തുകളും, പഞ്ചായത്തുകളും ഇഴകീറി നടത്തുന്ന പരിശോധനയില്‍ വ്യക്‌തം.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാല്‍ലക്ഷത്തില്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലത്തില്‍ എതിര്‍ സ്‌ഥാനാര്‍ത്ഥി അഡ്വ.പീലിപ്പോസ്‌ തോമസിനേക്കാള്‍ ആന്റോ ആന്‍ണിക്ക്‌ നേടാനായത്‌ 2761 വോട്ടുകളുടെ ലീഡ്‌ മാത്രം.

പീലിപ്പോസ്‌ തോമസിന്റെ അപരന്‍ നേടിയ 2236 വോട്ടുകള്‍ കൂടി കണക്കിലെടുത്താല്‍ 525 വോട്ടുകളുടെ വ്യത്യാസം മാത്രമാണ്‌ മണ്ഡലത്തില്‍ ഉണ്ടായിട്ടുള്ളത്‌.

നിയോജക മണ്ഡലത്തിലെ പത്ത്‌ പഞ്ചായത്തുകളിലും ഭരണ സാരഥ്യം യു.ഡി.എഫിന്‌ ആണെന്നിരിക്കെ അഞ്ചിടത്ത്‌ ആന്റോ ആന്‍ണിയേക്കാള്‍ ലീഡ്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിക്ക്‌ ലഭിച്ചത്‌ വരുംദിനങ്ങളില്‍ സജീവ ചര്‍ച്ചയാകും.അടിയൊഴുക്കുകള്‍ക്കിടയിലും അഭിമാന പോരാട്ടം നടന്ന മണ്ഡലത്തില്‍ മേല്‍കൈ നേടാനായി എന്നത്‌ കോണ്‍ഗ്രസ്‌ ക്യാമ്പില്‍ ആഹ്‌ളാദം ഉയര്‍ത്തുന്നു.

കോണ്‍ഗ്രസിനൊപ്പം കേരള കോണ്‍ഗ്രസിന്റെയും ശക്‌തി കേന്ദ്രങ്ങളായ തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തിടനാട്‌, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ആന്റോ ആന്‍ണി പിന്നിലായപ്പോള്‍, പഴയ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിന്റെ ഭാഗമായ മുണ്ടക്കയം, കോരുത്തോട്‌, എരുമേലി, കൂട്ടിക്കല്‍, പാറത്തോട്‌ പഞ്ചായത്തുകളില്‍ വ്യക്‌തമായ മേല്‍കൈ നേടാന്‍ സാധിച്ചതാണ്‌ ഇളകിയാടിയ പൂഞ്ഞാറില്‍ കാലുറപ്പിച്ച്‌ നിര്‍ത്താന്‍ ആന്റോ ആന്‍ണിക്ക്‌ സഹായകമായത്‌.

പൂഞ്ഞാര്‍ തെക്കേക്കരയില്‍ 2426 വോട്ടുകള്‍ക്കും, പൂഞ്ഞാര്‍ പഞ്ചായത്തില്‍ 1308 വോട്ടുകള്‍ക്കും, തീക്കോയി പഞ്ചായത്തില്‍ 970 വോട്ടുകള്‍ക്കുമാണ്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി പിന്നിലായത്‌. തിടനാട്‌ പഞ്ചായത്തില്‍ 442 വോട്ടുകള്‍ക്കും മുസ്ലിം ലീഗ്‌ ഭരണം കൈയ്യാളുന്ന ഈരാറ്റുപേട്ട പഞ്ചായത്തില്‍ 310 വോട്ടുകള്‍ക്കും എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി ലീഡ്‌ ചെയ്‌തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തുകളില്‍ ഇത്തവണ പിന്നോക്കം പോയത്‌ പ്രാദേശിക തലത്തില്‍ യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും.

ശക്‌തി കേന്ദ്രങ്ങളില്‍ നടന്ന അടിയൊഴുക്കുകള്‍ക്കിടയിലും മണ്ഡലത്തില്‍ മേല്‍കൈ നേടാന്‍ സഹായിച്ച പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ പ്രവിശ്യകളില്‍ മുണ്ടക്കയം കോരുത്തോട്‌ പഞ്ചായത്തുകളില്‍ നിന്ന്‌ മാത്രം 3475 വോട്ടുകളുടെ ലീഡ്‌ ആണ്‌ ആന്റൊ ആന്‍ണിക്ക്‌ ലഭിച്ചത്‌. കേരള കോണ്‍ഗ്രസിന്‌ നിര്‍ണ്ണായക സ്വാധീനമുള്ള പാറത്തോട്‌ പഞ്ചായത്തില്‍ 2682 വോട്ടുകള്‍ യു.ഡി.എഫിന്‌ മുന്‍തൂക്കം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന എരുമേലി പഞ്ചായത്തില്‍ ഇടത്‌ സ്‌ഥാനാര്‍ത്ഥിയേക്കാള്‍ 1505 വോട്ടുകള്‍ക്കും കൂട്ടിക്കല്‍ പഞ്ചായത്തില്‍ 555 വോട്ടുകള്‍ക്കും മുന്നിലെത്താനായത്‌ അഭിമാന പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആന്റൊയ്‌ക്ക് സഹായകമായി.

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പ്രമുഖ സ്‌ഥാനാര്‍ത്ഥിള്‍ക്കും നോട്ടയ്‌ക്കും ലഭിച്ച വോട്ടിങ്ങ്‌ നില പഞ്ചായത്തുകള്‍ തിരിച്ച്‌

ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത്‌- ആന്റോ ആന്റണി (3700), പീലിപ്പോസ്‌ തോമസ്‌(4010), എം.ടി.രമേഷ്‌(271)

തീക്കോയി ഗ്രാമപഞ്ചായത്ത്‌- ആന്റോ ആന്റണി (1450), പീലിപ്പോസ്‌ തോമസ്‌(2420), എം.ടി.രമേഷ്‌(435)

പൂഞ്ഞാര്‍ തെക്കേക്കര- ആന്റോ ആന്റണി (2404), പീലിപ്പോസ്‌ തോമസ്‌(4830), എം.ടി.രമേഷ്‌(1096)

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്‌- ആന്റോ ആന്റണി (1488), പീലിപ്പോസ്‌ തോമസ്‌(2796), എം.ടി.രമേഷ്‌(1122)

തിടനാട്‌ ഗ്രാമപഞ്ചായത്ത്‌- ആന്റോ ആന്റണി (3401), പീലിപ്പോസ്‌ തോമസ്‌(3843), എം.ടി.രമേഷ്‌(1532)

പാറത്തോട്‌ ഗ്രാമപഞ്ചായത്ത്‌- ആന്റോ ആന്റണി (6974), പീലിപ്പോസ്‌ തോമസ്‌(4292), എം.ടി.രമേഷ്‌(2395)

കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത്‌- ആന്റോ ആന്റണി (3180), പീലിപ്പോസ്‌ തോമസ്‌(2625), എം.ടി.രമേഷ്‌(1339)

മുണ്ടക്കയം, കോരുത്തോട്‌- ആന്റോ ആന്റണി (12577), പീലിപ്പോസ്‌ തോമസ്‌(9102), എം.ടി.രമേഷ്‌(3343)

എരുമേലി ഗ്രാമപഞ്ചായത്ത്‌- ആന്റോ ആന്റണി (8440), പീലിപ്പോസ്‌ തോമസ്‌(6935), എം.ടി.രമേഷ്‌(3566)

നിയോജക മണ്ഡലത്തില്‍ ഇടത്‌ സ്‌ഥാനാര്‍ത്ഥി പീലിപ്പോസ്‌ തോമസിന്റെ അപരന്‌ 2236 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നിഷേധ വോട്ടുകളുടെ അക്കൗണ്ടില്‍ വീണത്‌ 2803 വോട്ടുകളാണ്‌.