പൂതക്കുഴി മേഖലയെ സമ്പൂർണ ജലസുഭിക്ഷ ഗ്രാമമായി ഉടൻ പ്രഖ്യാപിക്കും

കാഞ്ഞിരപ്പള്ളി∙ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പൂതക്കുഴി മേഖലയെ സമ്പൂർണ ജലസുഭിക്ഷ ഗ്രാമമായി ഉടൻ പ്രഖ്യാപിക്കുമെന്ന് ഡോ. എൻ.ജയരാജ് എംഎൽഎ പറഞ്ഞു. 10, 11, 12 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് 2017 – 2018 വാർഷിക പദ്ധതിയിൽ നിന്നു 19 ലക്ഷം രൂപ വകയിരുത്തി പടപ്പാടി തോടിന് കുറുകെ നിർമിക്കുന്ന മിനി ചെക്ഡാമിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ടൗണിലെ ഏറ്റവും വലിയ ജലസ്രോതസായ ആനക്കയത്ത് കിണർ നിർമിച്ചും പ്രദേശത്തെ ഉയരം കൂടിയ സ്ഥലമായ വട്ടകപ്പാറയിൽ ജലസംഭരണി നിർമിച്ചുമാണ് 200 കുടുംബങ്ങൾക്ക് പ്രതിദിനം വെള്ളം വിതരണം ചെയ്യുന്നത്. പദ്ധതിയുടെ വിജയകരമായ പ്രവർത്തനങ്ങൾ നേരിൽ ബോധ്യപ്പെട്ടതുകൊണ്ടാണ് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പൂതക്കുഴിയെ ജലസുഭിക്ഷ ഗ്രാമമായി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മുബീന നൂർ മുഹമ്മദ്, നുബിൻ അൻഫൽ , ഒ.എം.ഷാജി, ആനക്കയം ജലവിതരണ സൊസൈറ്റി പ്രസിഡന്റ് നെജി കണ്ടത്തിൽ, നസീർ ഖാൻ, ഷാമോൻ കൊല്ലയ്ക്കാൻ, എം.ഐ. നൗഷാദ്, പി.എച്ച്. ഷാജഹാൻ, ആസിഫ് സലീം, പി.എസ്.ഹാഷിം, പി.ഇ.അബ്ദുൽ സലാം, കെ.എൻ.നൈസാം, മാത്യു കുളങ്ങര, സലീം പുത്തൻവീട്ടിൽ ,അൻവർ പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.