പൂത്തിരി പോലെ കത്തി പടക്ക വിപണി

∙ വീണ്ടുമൊരു ക്രിസ്മസ് കൂടി പടികടന്നെത്തുന്നു. ആഘോഷങ്ങൾക്കു മോടി കൂട്ടാൻ കടകളിൽ പടക്കങ്ങളും എത്തി. പടക്കങ്ങൾക്കു പുറമെ പല നിറങ്ങളിൽ, പല വലിപ്പത്തിൽ, പല ആകൃതിയിൽ കത്തിക്കയറുന്ന പൂത്തിരി, കമ്പിത്തിരി, മത്താപ്പ് തുടങ്ങി വെളിച്ചത്തിന്റെ നൂറായിരം രൂപങ്ങൾ വിപണി കീഴടക്കാൻ എത്തി. ചൈനീസ് പടക്കങ്ങളും വിപണിയിലുണ്ട്. ആകാശത്തേക്ക് ഉയർന്ന് നക്ഷത്രക്കൂട്ടത്തെ ചെന്നുതൊട്ടു തൊട്ടില്ലായെന്ന രീതിയിൽ പൊട്ടിച്ചിതറുന്ന മിനുക്കുകളും അലുക്കുകളും ചേർന്ന പടക്കങ്ങൾ ഇത്തവണത്തെ ക്രിസ്മസിന്റെ പ്രത്യേകതയാണ്.

വിവിധ തരത്തിലുള്ള പടക്കങ്ങൾ എല്ലാം ചേർത്തു കിറ്റായും കടകളിൽ ലഭിക്കും. 290, 390, 490 രൂപ എന്നീ വിലകളിൽ മൂന്നു തരത്തിലുള്ള കിറ്റുകൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു കോട്ടയം ചന്തയിലെ മൊത്ത വ്യാപാരി പി.എ.അബ്ദുൽ ഷുക്കൂർ പറയുന്നു.ഷോട്ടുകൾ എന്നറിയപ്പെടുന്ന കണ്ണഞ്ചിപ്പിക്കുന്ന പടക്കങ്ങൾ തേടിയാണു ക്രിസ്മസ് വിപണി ഇത്തവണ കൂടുതൽ പായുന്നത്. 12 ഷോട്ട് മുതൽ 240 ഷോട്ട് വരെയുള്ള പടക്കങ്ങൾ ഉണ്ട്.

200 മുതൽ 3250 രൂപ വരെയാണ് വില. വർണം വാരി വിതറുന്ന ചൈനീസ് പടക്കങ്ങൾക്കു 25 രൂപ മുതൽ ലഭിക്കും. പടക്ക വിപണിയിൽ ചൈനീസ് കടന്നുകയറ്റമുണ്ടെങ്കിലും പരമ്പരാഗത ഓലപ്പടക്കവും ചക്രവും കമ്പിത്തിരിയും പൂത്തിരിയുമെല്ലാം ഇപ്പോൾ വൻ തോതിൽ വിറ്റഴിയുന്നുണ്ട്.10 മുതൽ 75 രൂപ വരെയാണ് വില. രണ്ടു രൂപ മുതലുള്ള ചക്രങ്ങളും ഉണ്ട്. മാലപ്പടക്കങ്ങൾക്ക് 190 മുതൽ 1900 രൂപ വരെയാണ് വില.

പടക്കം ശ്രദ്ധ വേണം

∙ മുതിർന്നവർ കൂടെയുള്ളപ്പോൾ മാത്രമേ കുട്ടികളെ പടക്കം പൊട്ടിക്കാൻ അനുവദിക്കാവൂ.

∙ പൊട്ടാത്ത പടക്കം ഉടൻ ചെന്നെടുക്കരുത്. 15 മിനിറ്റിനുശേഷം വെള്ളത്തിലിട്ടു നിർവീര്യമാക്കാൻ ശ്രദ്ധിക്കണം.

∙ പൂക്കുറ്റി, മത്താപ്പ് ഉൾപ്പെടെ വിവിധ തരത്തിലുള്ള പടക്കങ്ങൾ കത്തിക്കുമ്പോൾ സമീപത്തെ ഉണങ്ങിയ പ്രദേശത്തേക്കു തീപ്പൊരി എത്തുന്നില്ലെന്ന് ഉറപ്പാക്കണം.

∙ പടക്കങ്ങളും മറ്റും കത്തിക്കുന്നതിനടുത്തുതന്നെ വെള്ളം കരുതണം. എളുപ്പം തീ പടർന്നുപിടിക്കാൻ ഇടയുള്ള വസ്‌ത്രങ്ങൾ ധരിക്കരുത്.

∙ വളർത്തുമൃഗങ്ങളിൽനിന്ന് അകലെ മാത്രമേ പടക്കം പൊട്ടിക്കാവൂ.