പൂനെ വാരിയേഴ്സിനെ സഹാറ ഗ്രൂപ്പ് പിന്‍വലിച്ചു

puna warriers
മുംബൈ: സഹാറ ഗ്രൂപ്പ് ഐപിഎല്‍ ടീമായ പൂനെ വാരിയേഴ്സിനെ പിന്‍വലിച്ചു.

ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച് ബിസിസിഐയുമായി നിലനിന്ന തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി. ബിസിസിഐ ആവശ്യപ്പെട്ട ഫ്രാഞ്ചൈസി തുക നല്‍കാന്‍ സഹാറ ഗ്രൂപ്പിന് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ തങ്ങളുമായി ബിസിസിഐ ഉണ്ടാക്കിയ കരാര്‍ ലംഘിച്ചെന്നും സഹാറ ഗ്രൂപ്പ് ആരോപിച്ചു. അടുത്ത വര്‍ഷത്തോടെ ടീം ഇന്ത്യയുടെ സ്പോണ്‍സര്‍ സ്ഥാനത്തു നിന്നും പിന്മാറാനും സഹാറ തീരുമാനിച്ചു. ബിസിസിഐയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് സഹാറ ഗ്രൂപ്പ് വ്യക്തമാക്കി.

2013 ഓടെ ബിസിസിഐയുമായുള്ള കരാര്‍ അവസാനിക്കും. 1,702 കോടി രൂപയ്ക്ക് 10 വര്‍ഷത്തേനാണ് സഹാറ ഗ്രൂപ്പ് ഐപിഎല്‍ ടീമിനെ സ്വന്തമാക്കിയത്. ജനുവരിയില്‍ 170 കോടി സഹാറ, ബിസിസിഐക്ക് കൈമാറിയിരുന്നു. ബാക്കി തുക മേയ് 19-നകം നല്‍കണമെന്നായിരുന്നു ബിസിസിഐയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതിനു കഴിയാത്തതിനെ തുടര്‍ന്നാണ് സഹാറ പൂനെ വാരിയേഴ്സിനെ പിന്‍വലിച്ചത്.

ബാങ്ക് ഗ്യാരണ്ടി തുകയുടെ പേരില്‍ ഐപിഎല്ലില്‍ നിന്നും പുറത്തു പോകുന്ന മൂന്നാമത്തെ ടീമാണ് പൂനെ വാരിയേഴ്സ്. കൊച്ചി ടസ്കേഴ്സ് കേരള, ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്സ് എന്നീ ടീമുകളാണ് നേരത്തെ പുറത്തുപോയത്. ടീം നിലവില്‍ വന്നതിന് ശേഷം കളിച്ച മൂന്ന് സീസണിലും പൂനെയുടെ പ്രകടനം വളരെ മോശമായിരുന്നു. ഐപിഎല്‍ ആറാം സീസണില്‍ പൂനെ എട്ടാം സ്ഥാനത്താണ്. 22011 -ല്‍ പുതിയ ടീമായി വന്ന പൂനെ വാരിയേഴ്സിന് കളിക്കളത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

യുവരാജ് സിംഗ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി എന്നിവരാണ് ആദ്യ രണ്ടു സീസണുകളില്‍ പൂനെ ടീമിനെ നയിച്ചത്. ഇത്തവണ ലങ്കന്‍ താരം ഏയ്ഞ്ചെലോ മാത്യൂസാണ് പൂനെയുടെ ക്യാപ്റ്റനായത്. എന്നാല്‍ മോശം ഫോമിനെ തുടര്‍ന്ന് അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടിവന്നു. ഓസ്ട്രേലിയന്‍ താരം ആറോണ്‍ ഫിഞ്ച് ആണ് പിന്നീട് ടീമിനെ നയിച്ചത്. മൂന്നു സീസണുകളിലും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതും ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനു പിന്നിലുണ്ട്.