പെട്ടെന്നാവാം ശുശ്രൂഷ, പക്ഷേ അറിയാതെ ചെയ്താൽ പണികിട്ടും; പ്രഥമശുശ്രൂഷ ചെയ്യാം ശ്രദ്ധയോടെ


ഫസ്റ്റ് എയ്ഡ് എന്താണെന്നും എങ്ങനെയാണ് പ്രയോഗിക്കേണ്ടതെന്നും അറിയില്ലെങ്കില്‍ ചിലപ്പോള്‍ സഹായിക്കാന്‍ ചെയ്യുന്നതൊക്കെ ദ്രോഹമായി മാറിയേക്കാം

X

പ്രഥമശുശ്രൂഷ നടത്തുന്നയാള്‍ വൈദ്യനാകണമെന്നില്ല. പക്ഷേ, ഫസ്റ്റ് എയ്ഡ് എന്താണെന്നും എങ്ങനെയാണ് പ്രയോഗിക്കേണ്ടതെന്നും അറിയില്ലെങ്കില്‍ ചിലപ്പോള്‍ സഹായിക്കാന്‍ ചെയ്യുന്നതൊക്കെ ദ്രോഹമായി മാറിയേക്കാം.

അസ്ഥിഭാഗം

അസ്ഥിയില്‍ പൊട്ടലോ ഒടിവോ ഉണ്ടാകുകയും അസ്ഥികളുടെ സ്ഥാനം തെറ്റുകയും ചെയ്യുന്നത് സാധാരണമായി സംഭവിക്കുന്ന അപകടമാണ് പുറമേ മുറിവുകള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ചിലപ്പോള്‍ അസ്ഥിമാംസപേശികളെ ഭേദിച്ച് വെളിയില്‍ വരാറുണ്ട്. അത്തരം അസ്ഥിഭംഗത്തെ വിഷമഭംഗം എന്നാണ് പറയുന്നത്. 

അസ്ഥിഭംഗം സംഭവിച്ചാല്‍ ആ ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും. നിറവ്യത്യാസവും നീര്‍വീക്കവും ഉണ്ടാകും. അസ്ഥിഭംഗം സംഭവിച്ച ഭാഗം ചലിപ്പിക്കാനാകില്ല. ഇങ്ങനെ സംഭവിച്ചാല്‍ അസ്ഥിഭംഗം സംഭവിച്ച ഭാഗം അനക്കാതെ സൂക്ഷിക്കുകയാണ് വേണ്ടത്. 

പ്രഥമ ശുശ്രൂഷ

ഒരാള്‍ക്ക് അപകടം സംഭവിക്കുകയോ അവിചാരിതമായി അസുഖം ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ആ വ്യക്തിയുടെ ജീവന്‍ നിലനിര്‍ത്താനും അപകടത്തിന്റെ/അസുഖത്തിന്റെ പ്രത്യാഘ്യാതം കുറയ്ക്കാനും ആദ്യം നടത്തുന്ന ഇടപെടലാണ് പ്രഥമ ശുശ്രൂഷ.

മുറിവ്

മുറിവുകളുണ്ടായാല്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന് – രക്തസ്രാവം ശമിപ്പിക്കുക. രണ്ട് – മുറിവിലേക്ക് കീടാണുക്കള്‍ കടക്കാതെനോക്കുക.

മുറിവുള്ള ഭാഗത്ത് സമ്മര്‍ദം ചെലുത്തിയാല്‍ രക്തസ്രാവം കുറയ്ക്കാം. രോഗാണുക്കളെ തടയാന്‍ വൃത്തിയുള്ള തുണിക്കൊണ്ട് മുറിവ് കെട്ടുക. ഗുരുതരമായ മുറിവാണെങ്കില്‍ ബോധക്ഷയം സംഭവിക്കാം. അതിനു വേണ്ട മുന്‍കരുതലുകളുണ്ടാകണം.

പ്രഥമശുശ്രൂഷ നല്‍കുമ്പോള്‍ കൈകള്‍ വൃത്തിയായിരിക്കണം. മുറിവിന് സമീപത്തുനിന്ന് ചുമയ്ക്കാതെയും സംസാരിക്കാതെയും ശ്രദ്ധിക്കണം.

പൊള്ളലുകള്‍

ചെറിയ പൊള്ളലുകള്‍ ത്വക്കിനെ മാത്രമാണ് ബാധിക്കുക. ത്വക്ക് ചുവന്നുവരുകമാത്രമാണുണ്ടായതെങ്കില്‍ അത് ഒന്നാംഡിഗ്രി പൊള്ളലാണ്. ചര്‍മത്തില്‍ കുമിളകളുണ്ടായാല്‍ അത് രണ്ടാംഡിഗ്രി പൊള്ളലാണ്. ചര്‍മത്തിന്റെ ആന്തരികഭാഗങ്ങളെ ബാധിച്ചാല്‍ അത് മൂന്നാംഡിഗ്രിയും ശരീരകലകളെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് നാലാംഡിഗ്രി പൊള്ളലുമാണ്. 

വസ്ത്രത്തിനാണ് തീപിടിച്ചതെങ്കില്‍ വെള്ളമൊഴിച്ച് തീ കെടുത്തണം. അല്ലെങ്കില്‍ ചാക്കുപോലെയുള്ള എന്തെങ്കിലുംകൊണ്ട് തീപ്പിടിത്തത്തിന് ഇരയായ ആളെ പൊതിഞ്ഞ് തീ കെടുത്താന്‍ ശ്രമിക്കുക. എരിഞ്ഞ വസ്ത്രത്തിന്റെ അംശങ്ങള്‍ പൊള്ളലേറ്റ ഭാഗത്തുനിന്ന് മാറ്റേണ്ടതില്ല. രോഗാണുവിമുക്തമാക്കിയ ഡ്രെസ്സിങ്ങുകൊണ്ട് പൊള്ളിയ ഭാഗം പൊതിയാം. 

ചെറിയ പൊള്ളലുകളാണെങ്കില്‍ ടാപ്പ് വെള്ളത്തില്‍ പത്തോ പതിനഞ്ചോ മിനിറ്റ് പിടിച്ച് പൊള്ളലിന്റെ വ്യാപ്തി കുറയ്ക്കാം.

ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ എന്തെല്ലാം?

ആന്റിസെപ്റ്റിക് ലോഷന്‍

ആന്റിസെപ്റ്റിക് ക്രീം

ബാന്‍ഡേജ്

ബെര്‍ണോള്‍

അയഡിന്‍/ ബെന്‍സോയിന്‍

സോപ്പ്

പഞ്ഞി

കത്രിക

പ്ലാസ്റ്റര്‍

തെര്‍മോമീറ്റര്‍

കണ്ണുകഴുകാനുള്ള ലായനി