പെരുന്തേനരുവി ഡാമിലെ മണൽ നീക്കുന്നു; മണൽ നീക്കുന്നത് കെഎസ്ഇബിക്കു കീഴില്‍


എരുമേലി ∙ പെരുന്തേനരുവി ഡാമിൽ അടിഞ്ഞു കിടന്ന മണൽ നീക്കം ചെയ്യാൻ ആരംഭിച്ചു. കെഎസ്ഇബിക്കു കീഴിലാണു മണൽ നീക്കുന്നത്. കഴിഞ്ഞ 3 വർഷത്തെ പ്രളയത്തിൽ പമ്പയാറ്റിൽ വൻതോതിലാണു മണൽ ഒഴുകിയെത്തിയത്. 2018 ലെ പ്രളയത്തിൽ ഡാമുകൾ തുറന്നു വിട്ടത് മണലൊഴുക്കിന്റെ തോത് ഉയർത്തി.  നദിയുടെ തുലാപ്പള്ളി, കിസുമം, വട്ടപ്പാറ, കണമല, മണക്കയം, കുരുമ്പൻമൂഴി, ഇടത്തിക്കാവ് ഭാഗങ്ങളിൽ തീരങ്ങളും സ്വകാര്യ ഭൂമികളും കവിഞ്ഞ് ഉയർന്ന മണൽ അതേപടി കിടക്കുകയാണ്.പെരുന്തേനരുവിയിൽ കെഎസ്ഇബിക്കു കീഴിൽ വൈദ്യുതോൽപാദനത്തിനായി ഡാം സ്ഥാപിച്ചതോടെ  മണൽ താഴേക്ക് ഒഴുകാതെയുമായി. ഇതു സ്ഥിതി രൂക്ഷമാക്കി.  

ഡാമിനുള്ളിൽ  മണൽ നിറഞ്ഞതോടെ 60 കോടിയുടെ എരുമേലി ശുദ്ധജല പദ്ധതി പ്രവർത്തനവും തകരാറിലായി. വൈദ്യുതോൽപാദനവും നിലയ്ക്കുന്ന അവസ്ഥയായി. എരുമേലിയിലേക്കു വെള്ളം കൊണ്ടുപോകുന്നതിനെതിരെ ഡാം പരിസരത്തുള്ളവർ പ്രതിഷേധവുമായി എത്തുന്ന സാഹചര്യവും ഉണ്ടായി.ഇത്തവണത്തെ മഴയിൽ വൻതോതിൽ വീണ്ടും മണൽ എത്തിയതോടെ വാരിമാറ്റാൻ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു.