പെർമിറ്റ് കേന്ദ്രം റദ്ദാക്കി; സംസ്ഥാനാന്തര ബസുകളുടെ യാത്രാ നിരക്ക് കുറയും


സംസ്ഥാനാന്തര എസി ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന പെർമിറ്റ് കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതോടെ ഇവയുടെ സർവീസിനു പല സംസ്ഥാനങ്ങളിലായി ഈടാക്കിയിരുന്ന നികുതി ഒഴിവാകും. പകരം ദേശീയതലത്തിൽ ഏകീകൃത നികുതി വന്നേക്കും.

പെർമിറ്റ് ഇല്ലാതായതോടെ സംസ്ഥാനാന്തര ബസുകളുടെ യാത്രാനിരക്കു കുറയും. 29 സീറ്റുകളിൽ കൂടുതലുള്ള എസി, ലക്ഷ്വറി ബസുകൾക്കാണു പ്രയോജനം. ഇനി ആർക്കും സംസ്ഥാനാന്തര റൂട്ടിൽ എത്ര ബസ് വേണമെങ്കിലും ഓടിക്കാം. കെഎസ്ആർടിസി ബസുകൾക്കും ഇതു ഗുണം ചെയ്യും.

എന്നാൽ, തീരുമാനം മൂലം കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്കു വലിയ നികുതിനഷ്ടമുണ്ടാകും. കർണാടകയിലേക്ക് സർവീസ് നടത്തുന്ന 30 സീറ്റ് ബസിന് 3 മാസത്തേക്കു ശരാശരി 9 ലക്ഷം രൂപയാണ് നികുതി. ഹൈദരാബാദിലേക്ക് 15 ലക്ഷം രൂപ നൽകണം. ഇതാണ് ഒറ്റയടിക്ക് ഇല്ലാതാകുന്നത്. 

വിവിധ സംസ്ഥാനങ്ങൾ മത്സരിച്ചു നികുതി ഈടാക്കുന്നതു മൂലം ബസ് ഉടമകൾക്കും യാത്രക്കാർക്കുമുണ്ടാകുന്ന ബുദ്ധിമുട്ടു പരിഗണിച്ചാണു കേന്ദ്രം പെർമിറ്റ് ഒഴിവാക്കിയത്. ഇതിനെതിരെ സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.