പേടിക്കേണ്ടത് പൊണ്ണത്തടിയെ

അകാരണമായ അര്‍ബുദ ഭീതിയില്‍ അതിനെക്കാള്‍ സൂക്ഷിക്കേണ്ട പല കാര്യങ്ങളും മലയാളികള്‍ ശ്രദ്ധിക്കുന്നില്ല. അര്‍ബുദത്തിന്‍െറ പ്രധാന കാരണങ്ങളില്‍ ഒരെണ്ണമല്ല കീടനാശിനിയും രാസവസ്തുക്കളും. അതിനെക്കാള്‍ നമ്മള്‍ പേടിക്കേണ്ടത് പൊണ്ണത്തടിയെയാണ്. കാരണം അത് അര്‍ബുദത്തിന് മാത്രമല്ല പ്രമേഹം അടക്കം ഒട്ടേറെ രോഗങ്ങള്‍ക്കും ഇടയാക്കും.

ലോകത്തിന്‍െറ പ്രമേഹ തലസ്ഥാനം എന്ന ദുഷ്പ്പേര് നിലനില്‍ക്കുന്ന കേരളത്തില്‍ ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണം ഏറുകയാണ്. പ്രമേഹത്തിലേക്ക് നയിക്കുന്ന നമ്മുടെ ഭക്ഷണരീതിയും വ്യായാമം ഇല്ലായ്മയും തന്നെയാണ് പ്രധാന കാരണം.

മലയാളിയുടെ ഭക്ഷണരീതിയും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കാര്യമായ ഗവേഷണം കേരളത്തില്‍ നടന്നിട്ടില്ല. പക്ഷേ, വിദേശങ്ങളില്‍ നടന്ന പഠനങ്ങള്‍ അനുസരിച്ച് നല്ലതെന്ന് കരുതി നാം കഴിക്കുന്ന പല പലഹാരങ്ങളും ചോറും യഥാര്‍ഥത്തില്‍ തനി ജങ്ക് ഫുഡ് തന്നെയാണ്. അതും വളരെ കൂടിയ അളവില്‍ കഴിക്കുന്നുമുണ്ട്. ആവശ്യത്തിന് പ്രോട്ടീനും പച്ചക്കറികളും പഴങ്ങളും കഴിക്കാറുമില്ല.

റിഫൈന്‍ഡ് ആയ (തവിടിന്‍െറ അംശവും പോഷകങ്ങളും തീരെ ഇല്ലാത്ത) അരിയും അത് പൊടിച്ചും അരച്ചുമുണ്ടാക്കുന്ന പലഹാരങ്ങളും കപ്പയും കൂടിയ അളവില്‍ കഴിക്കുന്നു. പുറമെ നിയന്ത്രണം ഇല്ലാത്ത പഞ്ചസാര ഉപയോഗവും. ക്രമേണ ശരീരഭാരം ഉയരാനും ഉദരഭാഗത്ത് കൊഴുപ്പടിഞ്ഞ് പ്രമേഹം ഉണ്ടാകാനും കാരണമാകുന്നുവെന്ന് രാജ്യാന്തര പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

സത്യത്തില്‍ ഒരു ദിവസത്തെ മുഴുവന്‍ ക്വോട്ട അന്നജവും പലരും രാവിലെതന്നെ കഴിക്കുന്നുണ്ട്. നാലും അഞ്ചും ദോശയോ ഇഡ്ഡലിയോ അപ്പമോ ചപ്പാത്തിയോ ഒക്കെ പലരും കഴിക്കുന്നു. ഇത്രയൊന്നും കഴിക്കാനുള്ള കായികാധ്വാനം പലര്‍ക്കുമില്ല. എന്നാല്‍, ഒരു ദിവസം എല്ലാ നേരവും കൂടി കഴിച്ചാലും വേണ്ടത്ര പ്രോട്ടീനും പച്ചക്കറികളും ലഭിക്കുന്നുമില്ല. ഇങ്ങനെ അസന്തുലിതമായ ഭക്ഷണരീതി തന്നെയാണ് പൊണ്ണത്തടിയിലേക്കും പ്രമേഹത്തിലേക്കും നമ്മെ എത്തിക്കുന്നത്. സത്യത്തില്‍ ഈ ഭക്ഷണരീതി മാറ്റിയെഴുതേണ്ട കാലമായി.
ഓരോ രാജ്യവും തങ്ങളുടെ പൗരന്മാര്‍ക്കുള്ള ഡയറ്ററി ഗൈഡ്ലൈനുകള്‍ പുതുക്കണമെന്നും കൂടുതല്‍ ഇലക്കറികളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയും മധുരമേറിയ പഴച്ചാറുകളും ഉണക്കിയ പഴങ്ങള്‍ക്കും പകരം ഫ്രഷ് പഴങ്ങള്‍ കഴിക്കാന്‍ നിര്‍ദേശിക്കുകയും വേണമെന്നുമൊക്കെ 2015ല്‍ പുറത്തിറക്കിയ ഡയബെറ്റിസ് അറ്റ്ലസില്‍ ഐ.ഡി.എഫ് നിര്‍ദേശിച്ചിട്ടുണ്ട്.

ഇതൊന്നും വേണ്ടവിധം പ്രചരിപ്പിക്കാനോ നടപടിയെടുക്കാനോ ആരോഗ്യ വകുപ്പോ ഡോക്ടര്‍മാരുടെ സംഘടനകളോ ഒന്നും മുന്നോട്ടുവരുന്നില്ല.

പ്രമേഹത്തിന്‍െറ പുതു ചികിത്സാരീതികളും മരുന്നുകളും പ്രചരിപ്പിക്കുന്നതിന് പകരം ഭക്ഷണനിയന്ത്രണത്തിലൂടെ കൂടുതല്‍പേരെ പ്രമേഹരോഗത്തില്‍ നിന്ന് രക്ഷിക്കാനുള്ള നടപടികളാണ് നമുക്കുവേണ്ടത്. സ്കൂളുകളിലും അത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കി വരും തലമുറയെ രക്ഷിക്കുകയും വേണം.
നല്ല തവിടുള്ള പുഴുക്കലരിയും വീട്ടില്‍ കഴുകിയുണക്കി തവിടുപോകാതെ പൊടിപ്പിച്ചെടുത്ത ഗോതമ്പ് മാവും ഉപയോഗിച്ചിരുന്ന നമ്മള്‍ ഇന്ന് വിപണിയില്‍നിന്ന് തവിട് മുഴുവന്‍ ചുരണ്ടിമാറ്റിയ അരി വാങ്ങി ഉണ്ണുന്നു. തവിടില്ലാത്ത ഗോതമ്പ് പൊടി ഉപയോഗിക്കുന്നു.
തവിടാണ് പ്രമേഹത്തിനെതിരെ സംരക്ഷണം നല്‍കാന്‍ ഉതകുന്ന നാരുകളുടെ കലവറ. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും അത് സഹായിക്കും. അതുകൊണ്ടുതന്നെ നാരുകളുള്ള നല്ല അന്നജവും കടലയും പയര്‍ പരിപ്പുവര്‍ഗങ്ങളും ഉള്‍പ്പെട്ട കോംപ്ളക്സ് കാര്‍ബോഹൈഡ്രേറ്റ് ആവണം നമ്മള്‍ കഴിക്കേണ്ടത്. അതും വേണ്ട അളവില്‍ മാത്രം.
കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ പഞ്ചസാരയുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതായി ഐ.ഡി.എഫ് പറയുന്നു. എല്ലാ പ്രോസസ്ഡ് ഭക്ഷ്യവസ്തുക്കളിലൂടെയും പ്രത്യേകിച്ച് ശീതള പാനീയങ്ങളിലൂടെ മധുരം മനുഷ്യരിലേക്ക് പതിവായി എത്തുന്നു. അതും ടൈപ്പ് രണ്ട് പ്രമേഹം വര്‍ധിച്ചതും തമ്മിലെ ബന്ധം ഒട്ടേറെ ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുമുണ്ട്.
അന്നജം കൂടിയ അളവില്‍ കഴിക്കുന്നവരില്‍ ശരീരത്തിലെ ഫാറ്റ് അഥവ കൊഴുപ്പ് ഉപയോഗിക്കപ്പെടുന്നേ ഇല്ല. അത് ക്രമേണ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് (ഐ.ആര്‍) എന്ന അവസ്ഥയും തുടര്‍ന്ന് പ്രമേഹവും ഉണ്ടാക്കുന്നു. പ്രമേഹം മാത്രമല്ല ഒട്ടേറെ മറ്റ് അസുഖങ്ങള്‍ക്കും ഐ.ആര്‍ ഇടയാക്കുന്നുമുണ്ട്.
പൊണ്ണത്തടിയുള്ള കുഞ്ഞുങ്ങളില്‍ ഐ.ആര്‍ കാണപ്പെടുന്നതായും അത് അവരുടെ പഠനത്തെ ബാധിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
നമ്മള്‍ കഴിക്കുന്ന കൊഴുപ്പല്ല അന്നജമാണ് പൊണ്ണത്തടിയിലേക്ക് നമ്മെ നയിക്കുന്നത്. അന്നജം ശേഖരിച്ചുവെക്കാന്‍ ശരീരത്തിന് കഴിയില്ല. അധികമുള്ള അന്നജം അത് കൊഴുപ്പായി ശേഖരിച്ചുവെക്കുകയാണ്. ആദ്യം അത് ഗ്ളൂക്കൊജന്‍ ആയി കരളിലും പേശികളിലും ശേഖരിച്ചുവെക്കും. അവിടെയും അധികമാകുമ്പോള്‍ പിന്നെ കൊഴുപ്പായി ശരീരത്തിന്‍െറ പല ഭാഗത്തും അടിയുന്നു.
ആകെ കഴിക്കുന്ന അന്നജത്തില്‍ 10 ശതമാനം മാത്രമേ മധുരത്തില്‍നിന്ന് ലഭിക്കാന്‍ പാടുള്ളൂവെന്നും ഇത് അഞ്ചു ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ പ്രമേഹസാധ്യത പിന്നെയും കുറയ്ക്കാമെന്നും ആണ് ലോകാരോഗ്യ സംഘടന പറയുന്നത്.
പാക്കറ്റില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ അതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവും ഏതെല്ലാം പേരിലാണ് പഞ്ചസാര ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായി പാക്കറ്റിന് മുന്‍വശത്തുതന്നെ രേഖപ്പെടുത്തണമെന്നും ഐ.ഡി.എഫ് നിര്‍ദേശിച്ചിട്ടുണ്ട്.