പേട്ടതുള്ളലിന് ഒരുക്കം

എരുമേലി∙ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അമ്പലപ്പുഴ സംഘത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാൻ പൊലീസ് സംഘത്തെ വിട്ടുനൽകും. പേട്ടതുള്ളലിന്റെ ഭാഗമായി ആലങ്ങാട് സംഘത്തിന്റെ രഥയാത്ര എരുമേലിയിലേക്കു പുറപ്പെട്ടു. 11നാണ് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ നടക്കുന്നത്. ഉച്ചയോടെ ആകാശത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെടുമ്പോൾ അമ്പലപ്പുഴ തുള്ളൽ നടക്കും.

സമൂഹ പെരിയോൻ കളത്തിൽചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തെ ടൗൺ നൈനാർ മസ്ജിദിൽ സ്വീകരിക്കും. പിന്നീട് വാവരു സ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടക്കും. ഉച്ചകഴിഞ്ഞാണ് ആലങ്ങാട് സംഘത്തിന്റെ തുള്ളൽ. ആകാശത്ത് മഹാദേവന്റെ പ്രതീകമായി നക്ഷത്രം കാണുമ്പോഴാണ് തുള്ളൽ ആരംഭിക്കുക. അയ്യപ്പ ചൈതന്യം ആവാഹിച്ച ഗോളക, കൊടി, ഗജവീരൻമാർ, വെളിച്ചപ്പാടുകൾ, കാവടി, ശിങ്കാരിമേളം, ചിന്ത്, നാഗസ്വരം, ചെണ്ട അകമ്പടികളോടെയാണ് തുള്ളൽ നടക്കുകയെന്ന് ആലങ്ങാട് യോഗം പെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാർ ആണ്.

രണ്ടിനു പുറപ്പെട്ട രഥയാത്ര പെരുമ്പാവൂർ, കീഴില്ലം എന്നീ ക്ഷേത്രങ്ങളിൽ എത്തി. പാനക പൂജയും നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ മൂവാറ്റുപുഴ, കൂത്താട്ടുകുളം, രാമപുരം, ഇളങ്ങുളം, ക്ഷേത്രങ്ങളിൽ പാനകപൂജയും അന്നദാനവും നടക്കും. ഒമ്പതിന് എരുമേലിയിൽ എത്തും. 10ന് എരുമേലിയിൽ പീഠം വയ്ക്കൽ, പാനകപൂജ എന്നിവ നടക്കും. പേട്ടതുള്ളലിനു ശേഷം രണ്ടു സംഘങ്ങളെയും വലിയമ്പലത്തിൽ സ്വീകരിക്കും.