പേട്ടതുള്ളലും വാഹനഗതാഗത ക്രമീകരണവും സുഗമമാക്കാൻ പുതിയ ക്രമീകരണം

എരുമേലി∙ പേട്ടതുള്ളലും വാഹനഗതാഗത ക്രമീകരണവും സുഗമമാക്കാൻ പൊലീസ് പേട്ടതുള്ളൽ പാത വടം കെട്ടി വേർതിരിച്ചു. നിലവിൽ പേട്ടക്കവലയിൽ നിന്ന് ആരംഭിക്കുന്ന തുള്ളൽ പാതയുടെ വലതുഭാഗത്തു കൂടിയാണ് കടന്നു പോകുന്നത്. എന്നാൽ വലിയമ്പലം വരെയുള്ള അര കിലോമീറ്ററിൽ പലപ്പോഴും തുള്ളൽ ഇടതുവശത്തേക്കും മാറിപ്പോകാറുണ്ട്.

ഇതേ സമയം തന്നെ ദേവസ്വം ബോർഡിന്റെയും മറ്റും പാർക്കിങ് മൈതാനങ്ങളിൽ വണ്ടികൾ പാർക്ക് ചെയ്ത ശേഷം തീർഥാടകർ ഇതേ പാതയിലൂ‍ടെ പേട്ടക്കവലയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ തിരക്കിനിടയിലൂടെ വേണം വാഹനങ്ങൾക്കും സഞ്ചരിക്കാൻ. ഇതു പലപ്പോഴും തീർഥാടകരുടെ കാലിൽ വണ്ടികൾ കയറാനും മറ്റും ഇടയാക്കുന്നു.

ഈ സാഹചര്യത്തിലാണ് പാതയുടെ മധ്യഭാഗത്ത് കോണുകൾ സ്ഥാപിച്ച ശേഷം വടം കെട്ടിത്തിരിച്ചത്. വടംകെട്ടിയതോടെ തീർഥാടകർക്ക് വലതുവശത്തുകൂടി സുഗമമായി പേട്ടതുള്ളാൻ കഴിയുന്നുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാൽ വടം കെട്ടിയതോടെ പാതയുടെ ഒരു വശത്തെ വ്യാപാരം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. കോണുകൾ സ്ഥാപിച്ചാൽ മതിയാവുമെന്നും വടം കെട്ടുന്നതോടെ ആളുകൾക്ക് ഇതു മുറിച്ചു കടന്ന് മറുവശത്തേക്ക് എത്താനാവുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.