പൊടിമറ്റത്തെ കടകളില്‍ മോഷണം: വിരലടയാള വിദഗ്ദര്‍ പരിശോധിച്ചു

കാഞ്ഞിരപ്പള്ളി: പൊടിമറ്റത്ത് രണ്ട് കടകളില്‍ മോഷണം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പരിശോധന സംഘമെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിലാണ് ജനല്‍ കമ്പികള്‍ അറത്തു മാറ്റി പണം മോഷ്ടിച്ചത്. എന്നാല്‍ മോഷണം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് വിരലടായള വിദഗ്ധരെത്തി പരിശോധന നടത്തിയത്. പരിശോധന വൈകിപ്പിച്ചത് മോഷ്ടാക്കള്‍ക്ക് രക്ഷപെടുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. ബൈക്ക് യാത്രികരെ തടഞ്ഞ് മോഷണം നടത്തിയ സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്. പോലീസ് പരിശോധന കര്‍ശനമാക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്. അതേസമയം കാഞ്ഞിരപ്പള്ളി മേഖലയില്‍ അടുത്തിടെയുണ്ടായ മോഷണ സംഭവങ്ങളില്‍ മോഷ്ടാക്കളെ പിടികൂടാനാകാത്തത് പോലീസിന് നാണക്കേടായി മാറുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുണ്ടായ 15 മോഷണ കേസുകളില്‍ രണ്ട് സംഭവങ്ങളില്‍ മാത്രമാണ് പോലീസ് പ്രതികളെ പിടികൂടിയത്. തുമ്പമടയില്‍ ഓട് പൊളിച്ച് വീട്ടില്‍ കയറി സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവത്തിലും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിലുമാണ് പോലീസിന് പ്രതികളെ പിടികൂടാനായത്. ടൗണിനു സമീപത്തുള്ള കടകളില്‍ നിന്നും പണം മോഷ്ടിച്ചിരുന്നു.
മോഷണ സംഭവങ്ങളില്‍ തുടരന്വേഷണം നടക്കാത്തതാണ് പ്രതികളെ പിടികൂടാന്‍ വൈകുന്നതെന്ന് ആരോപണമുയരുന്നു.