പൊട്ടാസ്യം സയനൈഡ്‌ ആളെക്കൊല്ലുന്നതെങ്ങനെ?

തീക്ഷ്‌ണമായ എരിവു കലര്‍ന്ന രുചി, നെഞ്ചുപിളര്‍ക്കുന്ന വേദന, പലരും അലറി വിളിക്കും, വെപ്രാളവും ഛര്‍ദിയും തളര്‍ച്ചയും; അനായാസേന മരണമല്ല, അതിക്രൂരമായി പൊട്ടാസ്യം സയനൈഡ്‌ ആളെക്കൊല്ലുന്നതെങ്ങനെ?

അനായാസേന മരണം. പൊട്ടാസ്യം സയനൈഡ്‌ സംബന്ധിച്ച പലരുടെയും ധാരണ ഇങ്ങനെയാണെങ്കിലും യാഥാര്‍ഥ്യം അങ്ങനെയല്ലെന്നാണ്‌ ഗവേഷകരുംമറ്റും വ്യക്‌തമാക്കുന്നത്‌.

വിഷം അകത്തുചെന്ന്‌ മൂന്നു മിനിറ്റോളം നെഞ്ചുപിളര്‍ക്കുന്ന വേദന അനുഭവപ്പെടും. പലരും അലറി വിളിക്കും. വെപ്രാളം കാണിക്കും. ഛര്‍ദിയും തളര്‍ച്ചയും തലവേദനയും ആദ്യഘട്ടത്തില്‍ ഉണ്ടാകും. ശരീരത്തിലെ കോശങ്ങള്‍ക്ക്‌ രക്‌തത്തിലെ ഓക്‌സിജന്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്‌ഥവരും. സാധാരണ രക്‌തത്തിന്‌ ഇരുണ്ട ചുവപ്പു നിറമാണെങ്കില്‍ സയനൈഡ്‌ കലരുമ്പോള്‍ അത്‌ തിളക്കമുള്ള ചുവന്ന നിറമായി മാറും.

നിമിഷങ്ങള്‍കൊണ്ട്‌ മരണം സംഭവിക്കും എന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. തക്ക സമയത്ത്‌ ആശുപത്രിയിലെത്തിച്ച്‌ പ്രതിരോധമരുന്നു നല്‍കി രക്ഷപ്പെടുത്താന്‍ കഴിഞ്ഞാലും തലച്ചോറിലും ഹൃദയത്തിലും സംഭവിച്ച തകരാറുകള്‍ നല്‍കുന്ന ശാരീരിക അവശതകളോടെയാകും പിന്നീടുള്ള ജീവിതം
നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല ഭക്ഷണസാധനങ്ങളിലും സയനൈഡ്‌ അടങ്ങിയിട്ടുണ്ടെങ്കിലും കഴിക്കുന്നത്‌ ചെറിയ അളവിലായതിനാല്‍ മരണം സംഭവിക്കുന്നില്ലെന്നു മാത്രം.

ആപ്പിളിന്റെയും ചെറിയുടേയും കുരുവില്‍ സയനൈഡ്‌ ചെറിയ രീതിയില്‍ ഉണ്ട്‌. ആപ്പിളിന്റെ അരിയില്‍ സയനൈഡും ഷുഗറും ചേര്‍ന്ന മോളിക്കുലര്‍ ആണ്‌ ഉള്ളത്‌. ശരീരത്തിലെ എന്‍സൈമുകളുമായി ചേരുമ്പോള്‍ ഷുഗര്‍ വേര്‍പെടും. അവശേഷിക്കുന്ന സയനൈഡ്‌ വിഘടിച്ച്‌ ഹൈഡ്രജന്‍ സയനൈഡ്‌ ആയി മാറും. ആപ്പിളിന്റെ അരി വലിയ അളവില്‍ കടിച്ചു പൊട്ടിച്ചു കഴിക്കാത്തതിനാല്‍ ശരീരത്തിന്‌ ദോഷം സംഭവിക്കുന്നില്ല. മരച്ചീനിയിലും സയനൈഡ്‌ ചെറിയ രീതിയില്‍ അടങ്ങിയിട്ടുണ്ട്‌. കഴിക്കുന്ന അളവ്‌ ചെറുതായതിനാല്‍ പ്രശ്‌നങ്ങളുണ്ടാകുന്നില്ല.

ഉപ്പുകല്ല്‌ പോലെയാണ്‌ സയനൈഡ്‌. തീക്ഷ്‌ണമായ എരിവു കലര്‍ന്ന രുചിയാണിതിനെന്ന്‌ ഗവേഷകര്‍ പറയുന്നു. മരച്ചീനിക്കട്ടിന്റെയോ പച്ച ആല്‍മണ്ടിന്റെയോ ഗന്ധം. മൂലകങ്ങളായ കാര്‍ബണും നൈട്രജനുമാണ്‌ സയനൈഡില്‍ അടങ്ങിയിരിക്കുന്നത്‌. പൊട്ടാസ്യം സയനൈഡും ഹൈഡ്രജന്‍ സയനെഡും സോഡിയം സയനൈഡുമെല്ലാം ഉള്ളില്‍ ചെന്നാല്‍ മരിക്കാനെടുക്കുന്ന സമയം വ്യത്യസ്‌തമായിരിക്കും. ശരീരത്തിന്റെ തൂക്കം, ഉള്ളില്‍ ചെന്ന സയനൈഡിന്റെ അളവ്‌, അത്‌ ശരീരത്തിലെത്തിയ രീതി എന്നിവയാണ്‌ മരണത്തിലേക്ക്‌ ഒരാളെ തള്ളിവിടുന്നതിന്റെ വേഗം തീരുമാനിക്കുന്നത്‌. ഒരാള്‍ 5 മിനിറ്റില്‍ മരിക്കുമെങ്കില്‍ മറ്റൊരാള്‍ മരിക്കുന്നത്‌ 30 മിനിറ്റു കൊണ്ടാകും. 50 മുതല്‍ 60 വരെ മില്ലീഗ്രാം ഹൈഡ്രജന്‍ സയനൈഡ്‌ ശരീരത്തിലെത്തിയാല്‍ മരണകാരണമാകും. 200 മുതല്‍ 300 വരെ മില്ലീഗ്രാം പൊട്ടാസ്യം സയനൈഡോ സോഡിയം സയനൈഡോ ഉള്ളില്‍ ചെന്നാല്‍ മരണകാരണമാകും.

സാധാരണക്കാര്‍ക്ക്‌ എളുപ്പം കിട്ടുന്ന ഒന്നല്ല പൊട്ടാസ്യം സയനൈഡ്‌. ജ്വല്ലറി പണികള്‍ക്കും ഇലക്‌ട്രോ പ്ലേറ്റിനും ചില വ്യവസായങ്ങള്‍ക്കും ലബോറട്ടറികള്‍ക്കും സയനൈഡ്‌ ലവണങ്ങള്‍ ആവശ്യമാണ്‌. ജ്വല്ലറികള്‍ കൂടുതലുള്ളതിനാല്‍ കേരളത്തില്‍ സയനൈഡിന്റെ ഉപയോഗവും കൂടുതലാണ്‌. നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ്‌ ലാബുകളില്‍നിന്ന്‌ സ്വര്‍ണപ്പണിക്കാര്‍ക്കു സയനൈഡ്‌ നല്‍കുന്നത്‌. സയനൈഡ്‌ ഉപയോഗിക്കുന്നതിന്‌ ലാബുകള്‍ക്കും നിയന്ത്രണമുണ്ട്‌.

ഒരാളെ കൊല്ലാന്‍ വെറും 75 മില്ലിഗ്രാം സയനൈഡ് മതി;പഴകിയ മൃതദേഹത്തിൽ നിന്ന് തെളിവ് കണ്ടെത്തൽ പ്രയാസം’

കൂടത്തായിലെ കൊലപാതകങ്ങൾക്ക് സയനൈഡ് ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അതിന്റെ സാധ്യതകളിലേക്ക് ഒരു അന്വേഷണം #

50 കിലോ ഗ്രാം തൂക്കമുള്ള ഒരാളെ കൊല്ലാന്‍ വെറും 75 മില്ലി ഗ്രാം സയനൈഡ് മതിയെന്ന് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി പോലീസ് സര്‍ജനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബി കൃഷ്ണന്‍. ഒരുപാട് വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹത്തില്‍ നിന്ന് വിഘടിക്കാതെ അതേ രൂപത്തില്‍ സയനൈഡ് വീണ്ടെടുത്ത് കിട്ടാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

“കാര്‍ബണും നൈട്രജനും അടങ്ങിയ പദാര്‍ഥമാണ് സയനൈഡ്. ഇതൊരു ജൈവികമായി വിഘടിച്ചു പോവുന്ന വിഷമാണ്.. സയനൈഡ് ആയിട്ടു തന്നെ വീണ്ടെടുത്താലേ സയനൈഡ് ശരീരത്തിനുള്ളില്‍ ചെന്നിട്ടുണ്ടെന്ന് ശാസ്ത്രീയമായി സ്ഥാപിച്ചെടുക്കാന്‍ കഴിയൂ. ശരീരം അഴുകിയാൽ ഈ കാര്‍ബണ്‍- നൈട്രജന്‍ ബോണ്ട് നഷ്ടപ്പെട്ടേക്കാം. എന്നാല്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹത്തില്‍ നിന്ന് അതേ രൂപത്തില്‍ സയനൈഡ് വീണ്ടെടുത്ത് കിട്ടാനുള്ള സാധ്യത കുറവാണ്. ഈ കാലത്തിനിടയില്‍ കാര്‍ബണും നൈട്രജനും ആയി സയനൈഡ് വിഘടിച്ചിട്ടുണ്ടാവും”. അതിനാല്‍ തന്നെ തനിക്ക് വലിയ പ്രതീക്ഷയില്ലെന്നും ബി കൃഷ്ണന്‍ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം സയനൈഡ് വീണ്ടെടുത്തത് പാശ്ചാത്യ രാജ്യങ്ങളിൽ
പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സയനൈഡ് മൃതശരീരത്തില്‍ നിന്നും വീണ്ടെടുത്ത അപൂര്‍വ സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരം രാജ്യങ്ങളില്‍ മൃതദേഹം അടക്കുന്നതിന് മുമ്പ് പ്രിസര്‍വേറ്റീവ് ചേര്‍ക്കാറുണ്ട്. അതുകൊണ്ടാണ് സയനൈഡ് വീണ്ടെടുക്കാന്‍ സാധിച്ചത്. അവിടെ മികച്ച ശവപ്പെട്ടികളില്‍ ആണ് മൃതദേഹം അടക്കുന്നത്. അതു കൊണ്ടാണ് വീണ്ടെടുക്കാന്‍ കഴിഞ്ഞതെന്നും ഡോ. കൃഷ്ണന്‍ പറയുന്നു.
പൊതുവെ ശരീരത്തിലെ പ്ലീഹയിലാണ് സയനൈഡ് കൂടുതലായി അടിഞ്ഞിട്ടുണ്ടാവുക. പിന്നെ തലച്ചോറിലും. പക്ഷെ അതെല്ലാം ദ്രവിച്ചു പോയിട്ടുണ്ടാവും. പിന്നെ ശവപ്പെട്ടിക്ക് ഉപയോഗിച്ച വസ്തുക്കളിൽ നിന്ന് ഇതിന്റെ അംശം കിട്ടിയാലായി. അതുകൊണ്ട് തന്നെ മൃതദേഹം പരിശോധിച്ചാല്‍ കിട്ടുമെന്ന് കരുതുന്നില്ല. കിട്ടിയാല്‍ അത് വലിയ ഭാഗ്യമായി തന്നെ കണക്കാക്കാമെന്നും ഡോക്ടര്‍ പറയുന്നു.

കയ്പുള്ള സാധനമാണ്, ഭക്ഷണത്തില്‍ കലര്‍ത്തിയാല്‍ എളുപ്പം മനസ്സിലാവും
50 കിലോ ഗ്രാം തൂക്കമുള്ള ഒരാളെ കൊല്ലാന്‍ വെറും 75 മില്ലി ഗ്രാം സയനൈഡ് മതി. കയ്പുള്ള പദാര്‍ഥമായതിനാല്‍ തന്നെ ഭക്ഷണസാധനത്തില്‍ കലര്‍ത്തിയാല്‍ തുപ്പാനുള്ള പ്രവണതയുണ്ടാകുമെന്നും കഴിക്കാന്‍ കഴിയില്ലെന്നും ഡോ. കൃഷ്ണന്‍ പറയുന്നു. സൂപ്പ് പോലെ മസാല കലർന്ന ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാൽ ചുവവ്യത്യാസം എളുപ്പത്തിൽ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല. സ്പൈസിയല്ലാത്ത ഭക്ഷണത്തിൽ കലർത്തിയാണെങ്കിൽ കണ്ണും പൂട്ടി കുടിച്ചോ എന്ന ബോധപൂര്‍വ്വമായ ഇടപെടലുണ്ടെങ്കിലേ കയ്പും സഹിച്ച് ഒരാള്‍ കഴിക്കൂ. പിന്നെ ആത്മഹത്യാ പ്രവണതയുള്ളവരാണ് സാധാരണ കഴിക്കുക. കാരണം അവര്‍ ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ കഴിക്കുന്നത് കൊണ്ടാണത്. അല്ലാത്തൊരാൾ കയ്പ് കാരണം തുപ്പി കളയും.

സ്ലോ പോയിസണിങ്ങിന് സാധ്യതയില്ല
സ്ലോ പോയിസണിങ്ങ് സയനൈഡ് നല്‍കി സാധ്യമല്ലെന്നാണ് ഡോക്ടറുടെ അഭിപ്രായം. ഹൈഡ്രോ സൈനിക് ആസിഡ്(HCN) കഴിച്ചാല്‍ പെട്ടെന്ന് മരിക്കും. തമിഴ് പുലികളാണ് ഇത് ഉപയോഗിച്ചിരുന്നത്. ഹൈഡ്രോ ക്ലോറിക്ക് ആസിഡും പൊട്ടാസ്യം സയനൈഡും രണ്ട് പ്രത്യേകം അറകളിലാക്കി കഴുത്തില്‍ മാലയാക്കി ഇടുകയാണ് പതിവ്. പിടിയിലാകുമ്പോള്‍ ഇത് കടിച്ചു പൊട്ടിക്കുകയും ഈ രണ്ട് മിശ്രിതങ്ങളും ചേര്‍ന്ന് നിമിഷ നേരത്തിനുള്ളില്‍ മരണം സംഭവിക്കുകയുമാണ്. വായില്‍ നിന്ന് നേരിട്ട് രക്തത്തില്‍ കയറിയാണ് മരണം സംഭവിക്കുന്നത്.
പൊട്ടാസ്യം സയനൈഡ് എന്നത് സയനൈഡ് സാള്‍ട്ടാണ്. ഇതാണ് സ്വർണപ്പണിക്കാര്‍ ഉപയോഗിക്കുന്നത്. വയറ്റിലെ ഹൈഡ്രോ ക്ലോറിക് ആസിഡുമായി കൂടിച്ചേര്‍ന്ന് ഹൈഡ്രോ സൈനിക് ആസിഡ് ആവുകയും കുടലില്‍ നിന്ന് ആഗിരണം ചെയ്ത് കരളിലെത്തി പിന്നീട് ഹൃദയത്തിലെത്തി രണ്ട് മണിക്കൂര്‍ കൊണ്ട് മരിക്കുകയുമാണ്..

സയനൈഡ് എന്നത് റെസ്പിരേറ്ററി പോയ്‌സണാണ്. ശരീരത്തിലെ കോശങ്ങള്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നത് തടയുകയാണ് സയനൈഡ് ചെയ്യുന്നത്. ഡിലൈഡ് കോംപ്ലിക്കേഷന്‍ കാരണം മരണം വൈകാം എന്നല്ലാതെ ഒരു പാട് കാലമെടുത്ത് പോയ്‌സണ്‍ ചെയ്ത് കൊല്ലുക എന്നത് സാധ്യമല്ല. അങ്ങനെ പറയുന്നത് അശാസ്ത്രീയമാണ്.

കൂടത്തായി സംഭവത്തില്‍ സാഹചര്യത്തെളിവുകള്‍ക്കാണ് സാധ്യത കൂടുതല്‍. അതായത് കുറ്റവാളികളുടെ അടുത്ത വലയത്തില്‍ സ്വർണപ്പണിക്കാരുണ്ടോ എന്നത്. നമ്മുടെ നാട്ടില്‍ സ്വർണപ്പണിക്കാരുടെ പക്കല്‍ ആണ് സയനൈഡ് സാള്‍ട്ട് ഉള്ളത് . അതിനാലാണ് അത്തരമൊരു സാഹചര്യത്തെളിവ് അന്വേഷിക്കുന്നത് എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.